ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്നുണ്ടാകും

തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശി ലിഗയുടെ കൊലപാതകത്തിലെ നിര്‍ണായകമായ രാസപരിശോധന ഫലം പുറത്തുവന്നു. ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്ന് സൂചന. പൊലീസ് കസ്റ്റഡിയിലുള്ള ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അതേസമയം ലിഗ കൊല്ലപ്പെട്ടത് കാണാതായ അതേദിവസം തന്നെയെന്ന് പൊലീസ് കണ്ടെത്തി. ലിഗയെ കാണാതായത് കഴിഞ്ഞ മാര്‍ച്ച്‌ 14നാണ് അന്നുതന്നെ ലിഗ കൊല്ലപ്പെട്ടിരുന്നതായാണ് പൊലീസ് കണ്ടെത്തല്‍.

ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലവും തെളിവുകളുടെ ഫോറന്‍സിക് ഫലവും വിലയിരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുക. കസ്റ്റഡിയിലുള്ളവരില്‍ രണ്ട് പേരുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. ടൂറിസ്റ്റ് ഗൈഡുകള്‍ എന്ന പേരിലാണ് ലിഗയെ പ്രതികള്‍ കണ്ടല്‍ക്കാട്ടിലെത്തിച്ചത്. അതേസമയം കണ്ടല്‍ക്കാട്ടിലെത്തിയ ശേഷം എന്ത് നടന്നുവെന്ന കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തത് അന്വേഷണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

മയക്കുമരുന്ന് നല്‍കാമെന്ന് പറഞ്ഞ് ലിഗയെ സംഭവം നടന്ന തുരുത്തിലേക്ക് കൊണ്ടുവരുകയും തുടര്‍ന്ന് കൊല ചെയ്യുകയായിരുന്നുവെന്നുമാണ് കസ്റ്റഡിയിലുള്ള രണ്ട് പ്രതികളും പൊലീസിനോട് സമ്മതിച്ചിരുന്നത്. എന്നാല്‍ കൊലപ്പെടുത്താനുള്ള കാരണത്തെച്ചൊല്ലി രണ്ടു പ്രതികളും വ്യത്യസ്തമായാണ് പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഇതാണ് അറസ്റ്റ് വെെകുന്നതിന് കാരണമായത്.

ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ലിഗ എങ്ങനെ കണ്ടല്‍ക്കാട്ടിലെത്തി എന്ന് വ്യക്തമാക്കുന്ന നിര്‍ണായക മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചത്. അതേസമയം ലിഗയുടെ രാസപരിശോധന ഫലം വൈകുന്നത് ഏറെ പരാതികള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍ മൃതദേഹത്തിന് മുപ്പത് ദിവസത്തോളം പഴക്കമുള്ളതിനാല്‍ വിശദമായ തരത്തിലുള്ള അന്വേഷണം നടത്തികൊണ്ടാണ് പൊലീസ് മുന്നോട്ടുപോയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *