ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിരുന്നതായി സൂചന

തിരുവനന്തപുരം: ലാത്വിയന്‍ യുവതി ലിഗ സ്‌ക്രൊമേനെയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരണം കൊലപാതകം ആകാമെന്ന നിഗമനത്തെ ഉറപ്പിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാകാമെന്ന് ഇത് നല്‍കുന്ന സൂചന.

ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിട്ടുള്ളതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണെന്ന നേരത്തെയുള്ള നിഗമനത്തെ സാധൂകരിക്കുന്നതാണ് ഈ വിവരം. തൂങ്ങിയുള്ള മരണമാണെങ്കില്‍ താടിയെല്ലിന് ഉള്‍പ്പെടെ പരിക്കുണ്ടാകാന്‍ ഇടയുണ്ട്. ഇതുണ്ടായിട്ടില്ല എന്നാണ് ആദ്യ നിഗമനം.

അന്വേഷണത്തിന്റെ ഭാഗമായി റേഞ്ച് ഐജി മനോജ് എബ്രഹാം സ്ഥലത്തെത്തിയിട്ടുണ്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മരണം സംബന്ധിച്ച്‌ ചില തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചേക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ലഭിച്ച വിവരങ്ങള്‍ സ്ഥിരീകരിച്ച്‌ മറ്റു നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ചില തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. മൃതദേഹംകണ്ട സ്ഥലത്തുനിന്ന് ലഭിച്ച വള്ളികൊണ്ടുള്ള കുടുക്കില്‍നിന്ന് കണ്ടെത്തിയ മുടിയിഴ പോലീസ് കസ്റ്റഡിയിലുള്ള വാഴമുട്ടം സ്വദേശിയായ യോഗ പരിശീലകന്റേതാണോയെന്ന പരിശോധിക്കുന്നതിനായി അയച്ചിരുന്നു. കഴിഞ്ഞദിവസം പോലീസ് കണ്ടെടുത്ത രണ്ട് ചെറു ബോട്ടുകളും ഫൊറന്‍സിക് പരിശോധനകള്‍ക്ക് ശേഷം പോലീസ് പിടിച്ചെടുത്തു. സമീപവാസികളുടേതാണ് ഇവ. ലിഗയുടെ മൃതദേഹം കിടന്ന വള്ളിപ്പടര്‍പ്പിന്റെ ഭാഗവും പോലീസ് പരിശോധനകള്‍ക്കായി ശേഖരിച്ചിരുന്നു. ചില അനധികൃത ടൂറിസ്റ്റ് ഗൈഡുകളും സ്ഥിരമായി വിദേശികളുമായി ഈ ഭാഗത്ത് എത്തുന്നവര്‍ ചിലരും പോലീസ് കസ്റ്റഡിയിലുള്ളതായാണ് റിപ്പോര്‍ട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *