ലാലുവിന്റെ സഹായികള്‍ കള്ളക്കേസുണ്ടാക്കി നേരത്തെതന്നെ ജയിലിലെത്തിയെന്ന് വെളിപ്പെടുത്തല്‍

കാലിത്തീറ്റ കുംഭകോണക്കേസില്‍ മൂന്നരവര്‍ഷം തടവുശിക്ഷ ലഭിച്ച ലാലു പ്രസാദ് യാദവിനെ പരിചരിക്കാന്‍ അദ്ദേഹത്തിന്റെ സഹായിയും പാചകക്കാരനും നേരത്തെതന്നെ ബര്‍സമുണ്ട ജയിലില്‍ എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ലാലുവിന്റെ പാചകക്കാരന്‍ ലക്ഷ്മണ്‍, സഹായി മദന്‍ യാദവ് എന്നിവര്‍ കള്ളക്കേസുണ്ടാക്കി ജയിലില്‍ എത്തിയെന്നാണ് ദേശീയ മാധ്യമം ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.

റാഞ്ചി സ്വദേശിയായ ഒരാള്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലീസ് അറസ്റ്റുചെയ്തത്. രണ്ടുപേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ച്‌ അവശനാക്കി 10,000 രൂപ കവര്‍ന്നുവെന്നായിരുന്നു റാഞ്ചി സ്വദേശി അഭിഭാഷകന്റെ സഹായത്തോടെ നല്‍കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. പിന്നാലെ കോടതിയില്‍ കീഴടങ്ങിയ ഇരുവരെയും കോടതി റിമാന്‍ഡുചെയ്തു.

നാടകീയ നീക്കത്തിലൂടെ ലാലു കഴിയുന്ന ബര്‍സമുണ്ട ജയിലില്‍ ലാലുവിന് മുമ്ബുതന്നെ സഹായിയും പാചകക്കാരനും എത്തിയെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. സംഭവം പുറംലോകം അറിഞ്ഞതിന് പിന്നാലെ ലോവര്‍ ബസാര്‍ പോലീസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അവധിയില്‍ പ്രവേശിച്ചുവെന്ന് മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് ജെ.ഡി.യു നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ലക്ഷ്മണും മദനും ജയിലില്‍ ലാലുവിനെ പരിചരിക്കുന്നുണ്ടോ എന്നകാര്യം അറിയില്ലെന്ന് ആര്‍.ജെ.ഡി പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *