മംഗളൂരുവില്‍ നിന്നും ലക്ഷദ്വീപിലേക്കു പോകുകയായിരുന്ന ഉരു പുറംകടലില്‍ മുങ്ങി. ആളപായമില്ല. കാറ്റിലും തിരയിലും പെട്ടാണ് ഉരു നീലേശ്വരം ഭാഗത്ത് പുറംകടലില്‍ മുങ്ങിയത്.
ലക്ഷദ്വീപിലേക്കു സിമന്റും റേഷന്‍ സാധനങ്ങളുമായി പുറപ്പെട്ട എം.എസ്.ജി ജീലാനി എന്ന ഉരുവാണ് നീലേശ്വരം തൈക്കടപ്പുറത്തു നിന്നു 45 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ അപകടത്തില്‍ പെട്ടത്.

അഞ്ചു തൊഴിലാളികളും ഇതിലുണ്ടായിരുന്നു. ഇവരെ തൈക്കടപ്പുറം ജെട്ടിയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ സ്റ്റെല്ലസിന്റെ ഉടമസ്ഥതയിലുള്ള യന്ത്രവല്‍കൃത വള്ളത്തില്‍ രക്ഷിച്ചു കരയ്ക്കെത്തിച്ചു.
സുലൈമാന്‍ (30), ഷാഹുല്‍ ഹമീദ് (30), സാലി മുഹമ്മദ് (45), അലി മുഹമ്മദ് (29), മുഹമ്മദ് ഇബ്രാഹിം (34) എന്നിവരെയാണു രക്ഷപ്പെടുത്തി കരക്കെത്തിച്ചത്.
ഇവരില്‍ നാലു പേര് ഗുജറാത്തികളും ഒരാള്‍ മംഗലാപുരം സ്വദേശിയുമാണ്. ആര്‍ക്കും സാരമായ പരുക്കില്ല.തിരയടിച്ചു തകര്‍ന്ന ഉരു പൂര്‍ണമായി മുങ്ങിയതായി ഇവര്‍ പറഞ്ഞു.













