ട്രംപിനു വീണ്ടും തിരിച്ചടി; മുസ്‌ലിം കുടിയേറ്റ നിരോധനം കോടതി തടഞ്ഞു


ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോടതിയില്‍ നിന്ന് തിരിച്ചടി. ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് സിയാറ്റില്‍ കോടതി സ്‌റ്റേ ചെയ്തു.


വാഷിങ്ടണ്‍ അറ്റോര്‍ണി ജനറല്‍ ബോബ് ഫെര്‍ഗ്യൂസന്റെ പരാതിയെ തുടര്‍ന്നാണ് വിലക്ക് രാജ്യത്താകമാനം സ്‌റ്റേ ചെയ്ത് ഫെഡറല്‍ കോടതി ഉത്തരവിട്ടത്. ഉത്തരവ് ചോദ്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം ജഡ്ജി ജെയിംസ് റോബര്‍ട്ട് തള്ളി. വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍നിന്ന് എത്തിയവര്‍ക്കു യുഎസില്‍ തുടരാമെന്ന ജില്ലാ ജഡ്ജിയുടെ ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.
മറ്റ് കോടതികളും സമാന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകമാനം പ്രാബല്യത്തില്‍ വരുന്നതരത്തില്‍ ഉത്തരവിറക്കിയത് ആദ്യമായാണ്.


സിറിയ, ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളിലെ കുടിയേറ്റക്കാരുടെ പ്രവേശനമായിരുന്നു അമേരിക്കയില്‍ 90 ദിവസത്തേക്ക് നിരോധിച്ചത്.
നിരവധി ഫെഡറല്‍ ജഡ്ജിമാര്‍ ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് വലിയ പ്രതിഷേധവും അരങ്ങേറി. ട്രംപിന്റെ ഉത്തരവ് നേരത്തെ തന്നെ വിവിധ കോടതികള്‍ സ്‌റ്റേ ചെയ്തിരുന്നുവെങ്കിലും രാജ്യവ്യാപകമായി ഉത്തരവ് തടയുന്നത് ആദ്യമാണ്.
ഭരണഘടന വിജയിച്ചുവെന്ന് വിധി വന്നതിനു ശേഷം പരാതി നല്‍കിയ ഫെര്‍ഗുസണ്‍ പ്രതികരിച്ചു. പ്രസിഡന്റ് ഉള്‍പ്പെടെ ആരും നിമയത്തിനു മുകളില്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

അഭയാര്‍ഥികള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിനു നാലുമാസത്തെ വിലക്കും സിറിയ അടക്കം ഏഴു മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്കു മൂന്നുമാസത്തെ താല്‍ക്കാലിക വിലക്കും ഏര്‍പ്പെടുത്തുന്നതാണ് ട്രംപിന്റെ ഉത്തരവ്.ഭീകരാക്രമണങ്ങളില്‍നിന്ന് അമേരിക്കക്കാരെ രക്ഷിക്കുന്നതിനു വേണ്ടിയാണു നടപടിയെന്നാണ് പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചുള്ള ഉത്തരവില്‍ ട്രംപ് പറയുന്നത്.



Sharing is Caring