റൊണാള്‍ഡോ റയല്‍ മഡ്രിഡ് വിട്ടുപോകില്ലെന്ന് ക്ലബ് പ്രസിഡന്റ്


ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മഡ്രിഡ് വിട്ടുപോകില്ലെന്ന് ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനൊ പെരസ്. ക്ലബ് വിട്ടുപോകണമെന്ന് റൊണാള്‍ഡോ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. റൊണാള്‍ഡോയ്ക്ക് ക്ലബുമായി 2021 വരെ കരാറുമുണ്ടെന്നും പെരസ് പറഞ്ഞു.


റൊണാള്‍ഡോ ചൈനീസ് ലീഗിലേക്ക് മാറാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചൈനയെക്കുറിച്ച്‌, തന്നോട് റൊണാള്‍ഡോ അന്വേഷിച്ചിരുന്നുവെന്ന് മുന്‍ പോര്‍ച്ചുഗല്‍ പരിശീലകന്‍ ലൂയിസ് ഫിലിപ് സ്കോളാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെയാണ് റോണോയുടെ കൂടുമാറ്റം ചൂടുപിടിച്ചത്.


സ്കോളാറിയോട് റൊണാള്‍ഡോ ചൈനയിലെ ജീവിതത്തെക്കുറിച്ച്‌ ചോദിച്ചതില്‍ അസാധാരണമായൊന്നുമില്ല. നിങ്ങളുടെ ഒരു സുഹൃത്ത് ഹോങ്കോങ്ങിലുണ്ടെങ്കില്‍, നിങ്ങള്‍ അയാളോട് ചോദിക്കില്ലേ അവിടുത്തെ ജീവിതമെങ്ങനെയുണ്ടെന്ന്. ഇതും അത്രയേയുള്ളുവെന്ന് പെരസ് വ്യക്തമാക്കി.



Sharing is Caring