‘റൈറ്റിങ് വിത്ത് ഫയര്‍’ ഓസ്‌കാറിലേക്ക്; അമ്പരപ്പോടെ റിന്റുവും സുസ്മിതയും

ഓസ്‌കാര്‍ ഡോക്യുമെന്ററി നോമിനേഷനില്‍ അവസാന അഞ്ചില്‍ ഇടം നേടിയിരിക്കുകയാണ് ‘റൈറ്റിങ് വിത്ത് ഫയര്‍’. ഫീച്ചര്‍ വിഭാഗത്തിലാണ് മത്സരം. മലയാളി ദമ്പതിമാരായ റിന്റുവും സുസ്മിതയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഓസ്‌കാര്‍ നോമിനേഷനില്‍ ഉള്‍പ്പെട്ടതിന്റെ സന്തോഷത്തിലാണ് ഇരുവരും. നോമിനേഷന്‍ പ്രഖ്യാപനം കുടുംബസമേധം കാണുകയും തന്റെ ചിത്രത്തിന്റെ പേരുണ്ടെന്നറിഞ്ഞപ്പോള്‍ സന്തോഷത്താല്‍ തുള്ളിച്ചാടുകയും ചെയ്തിരുന്നു. ഈ വീഡിയോ റിന്റു തന്നെയാണ് തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചത്.

കോട്ടയം സ്വദേശിയായ റിന്റു ഇപ്പോള്‍ ദില്ലിയിലാണ് താമസം. മധ്യപ്രദേശിലെ അതിര്‍ത്തി ജില്ലയായ ബന്‍ഡയിലെ ഒരു ഡിജിറ്റല്‍ പത്രത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഉള്ളടക്കം. കവിത ദേവി, മീര ജാതവ് എന്നീ സ്ത്രീകള്‍ ആരംഭിച്ച ഖബര്‍ ലഹാരിയ എന്ന പത്രത്തെപ്പറ്റിയാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത്.

2002 ല്‍ ദില്ലിയിലെ ചിത്രകൂടില്‍ നിന്നാണ് പത്രം ആരംഭിച്ചത്. ചിത്രത്തില്‍ പ്രിന്റില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള ഖബര്‍ ലഹാരിയുടെ മാറ്റമാണ് പ്രധാനമായും കാണിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ മീര പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന, പൊലീസ് സേനയുടെ അനാസ്ഥയെക്കുറിച്ച് അന്വേഷിക്കുന്ന, ജാതി-ലിംഗപരമായ അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന മാധ്യമപ്രവര്‍ത്തകയാണ്. മീരയും സഹപ്രവര്‍ത്തകരും പുതിയ സാങ്കേതികവിദ്യയുമായി പരിചയപ്പെടുന്നതിലൂടെ സിനിമയുടെ ഗതി മാറുന്നു.

2021 ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ‘റൈറ്റിങ് വിത്ത് ഫയര്‍’ പ്രേക്ഷക അവാര്‍ഡും പ്രത്യേക ജൂറി പുരസ്‌ക്കാരവും നേടിയിട്ടുണ്ട്. പിന്നീട് ഇരുപതിലധികം രാജ്യാന്തര അവാര്‍ഡുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *