റെയില്‍വേയെ കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള നീക്കത്തെ പ്രതിരോധിക്കണം: കോടിയേരി

ഇന്ത്യന്‍ റെയില്‍വേയെ ശിഥിലീകരിച്ച് കോര്‍പറേറ്റുകള്‍ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന്റെ ഭാഗമാണ് സ്റ്റേഷനുകള്‍ വില്‍ക്കാനുള്ള നടപടിയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷന്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ സമിതിയും റെയില്‍വേ ഡിവിഷന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച തൊഴിലാളി-ബഹുജന ധര്‍ണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോഴിക്കോട്, എറണാകുളം സൌത്ത് സ്റ്റേഷനുകളാണ് വില്‍ക്കുന്നത്. ഇത്തരം നടപടികളെ തുടക്കത്തിലേ പ്രതിരോധിക്കണം. റെയില്‍വേ ജീവനക്കാര്‍ക്കുമാത്രമായി ഇതിനുകഴിയില്ല. രാഷ്ട്രീയവ്യത്യാസമില്ലാതെ ജനങ്ങള്‍ പോരാട്ടം ഏറ്റെടുക്കണമെന്ന് കോടിയേരി പറഞ്ഞു.

നല്ല വരുമാനമുള്ള സ്റ്റേഷനുകളാണ് സ്വകാര്യവല്‍ക്കരിക്കുന്നത്. പ്രതിവര്‍ഷം ആറുകോടിയിലധികം വരുമാനം നേടിക്കൊടുക്കുന്നവയാണ് ഇവ. സ്വകാര്യമേഖലയ്ക്ക് 45 മുതല്‍ 90 വര്‍ഷംവരെ കൈവശംവയ്ക്കാവുന്ന രീതിയിലാണ് നല്‍കുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍പോലും ഇത്തരം നയങ്ങള്‍ നടപ്പാക്കിയിട്ടില്ല. റെയില്‍വേസംവിധാനങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി നടത്താനോ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇതിന്റെ ഫലമായി അപകടങ്ങള്‍ വര്‍ധിക്കുന്നു. ഇപ്പോള്‍ കരാര്‍തൊഴിലാളികള്‍ വര്‍ധിക്കുകയാണ്. ജീവനക്കാരുടെ എണ്ണം 60 ശതമാനംവരെ കുറയ്ക്കാനാണ് പദ്ധതി. സ്വകാര്യമേഖലയ്ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. രാജ്യത്ത് നേരത്തേ റെയില്‍വേ ബജറ്റ് പ്രത്യേകമായി അവതരിപ്പിച്ചിരുന്നു. അത് ഇല്ലാതാക്കി. ബജറ്റ് ജനപ്രതിനിധികള്‍ക്ക് ചര്‍ച്ചചെയ്യാനുള്ള അവസരമില്ല. ബിജെപി അധികാരത്തില്‍ വന്നതിനുശേഷം പ്ളാനിങ് കമീഷനെ പിരിച്ചുവിട്ട് നീതി ആയോഗിനെ ചുമതലയേല്‍പ്പിച്ചു. ഇതോടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ വേഗത്തിലായി.

ലോകത്ത് റെയില്‍വേരംഗത്ത് മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ റെയില്‍വേയെ പൂര്‍ണമായും അവഗണിക്കുകയാണ്. ഇപ്പോള്‍ ട്രെയ്നുകള്‍ക്ക് ആധുനിക കോച്ചുകള്‍ ഇല്ല. പാലക്കാട് കോച്ച്ഫാക്ടറിക്ക് തറക്കല്ലിട്ടിട്ട് വര്‍ഷങ്ങളായി. ഇതുവരെ നിര്‍മാണം തുടങ്ങിയിട്ടില്ല. ചേര്‍ത്തലയിലെ വാഗണ്‍ഫാക്ടറിയും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ഇത്തരം നടപടികള്‍ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *