ഇത്ര കാലം വെയ്ന്‍ റൂണി ആയിരുന്നു ഡി സി യുണൈറ്റഡിന്റെ ഹീറോ. എന്നാല്‍ ഇന്ന് ആ റൂണിക്ക് പിഴച്ചു. മേജര്‍ ലീഗ് സോക്കര്‍ പ്ലേ ഓഫില്‍ ഇന്ന് കൊളംബസ് ക്ര്യൂവിനെ നേരിട്ട ഡി സി യുണൈറ്റഡ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടപ്പോള്‍ പെനാള്‍ട്ടി നഷ്ടപ്പ്ടുത്തിയവരുടെ കൂട്ടത്തില്‍ വെയ്ന്‍ റൂണിയും ഉണ്ടായിരുന്നു. സീസണില്‍ ഏറ്റവും അവസാനത്ത് ഉണ്ടായിരുന്ന ടീമിനെ പിടിച്ച് ഉയര്‍ത്തി പ്ലേ ഓഫ് വരെ എത്തിച്ചത് റൂണി ആയിരുന്നു.
ഇന്ന് കൊളംബസുമായി മത്സരം 2-2 എന്ന നിലയിലായിരുന്നു അവസാനിച്ചത്. മത്സരം പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ എത്തിയപ്പോള്‍ ആദ്യ കിക്ക് എടുത്തത് റൂണി ആയിരുന്നു. റൂണിക്ക് ആ കിക്ക് പിഴച്ചു. റൂണിക്ക് പിറകെ വന്ന രണ്ട് ഡി സി താരങ്ങള്‍ക്ക് കൂടെ പെനാള്‍ട്ടി ലക്ഷ്യം കാണാന്‍ ആയില്ല. 3-2 എന്ന സ്കോറിനാണ് ഷൂട്ടൗട്ടില്‍ കൊളംബസ് വിജയിച്ചത്. ഡി സി ഇതോടെ പ്ലേ ഓഫില്‍ നിന്ന് പുറത്തായി.

പരാജയം നിരാശ തരുന്നുണ്ട് എങ്കിലും ഈ സീസണില്‍ തങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ അഭിമാനം മാത്രമെ ഉള്ളൂ എന്ന് റൂണി പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണെന്നും അടുത്ത സീസണില്‍ മികച്ചൊരു ഡി സി യുണൈറ്റഡിനെ കാണാം എന്നും റൂണി പറഞ്ഞു. 18 മത്സരങ്ങള്‍ ലീഗില്‍ കളിച്ച റൂണി 12 ഗോളുകളും ഏഴു അസിസ്റ്റും ടീമിനായി നേടിയിരുന്നു.













