റീ പോസ്റ്റ് മോര്‍ട്ടം വേണമെന്ന് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോവാദികളുടെ കുടുംബാംഗങ്ങള്‍


തൃശ്ശൂര്‍: റീ പോസ്റ്റ് മോര്‍ട്ടം വേണമെന്ന ആവശ്യവുമായി പാലക്കാട് മഞ്ചക്കണ്ടിയില്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോവാദികളുടെ കുടുംബാംഗങ്ങള്‍. മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും കുടുംബങ്ങളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.ഇന്‍ക്വസ്റ്റിന് മുമ്ബ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും മൃതദേഹം തിരിച്ചറിയാന്‍ സമ്മതിച്ചില്ലെന്നും കൊല്ലപ്പെട്ട മാവോവാദി കാര്‍ത്തിക്കിന്റെ അമ്മ മീനയും സഹോദരി വാസന്തിയും മാധ്യമങ്ങളോടു പറഞ്ഞു.


റീ പോസ്റ്റ് മോര്‍ട്ടത്തിന് കാര്‍ത്തിയുടെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ പാലക്കാട് കളക്ടര്‍ക്ക് അപേക്ഷ നല്‍കി. നടപടി ക്രമങ്ങള്‍ പാലിക്കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നും ഇവര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കാര്‍ത്തി, മണിവാസകം, അരവിന്ദ്, രമ എന്നിവരുടെ മൃതദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ഇവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലെത്തിച്ചത്.രമയുടെ മൃതദേഹത്തില്‍നിന്ന് അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തു. രമയുടെ തലയിലും വെടിയേറ്റിട്ടുണ്ട്.


ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിബന്ധനകള്‍ അനുസരിച്ചാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ നടക്കുന്നത്. മുഴുവന്‍ നടപടികളുടേയും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ട്. രണ്ട് ടേബിളില്‍ ഒരേസമയം രണ്ടു പേരുടെ മൃതദേഹങ്ങള്‍ വീതമാണ് പോസ്റ്റ് മോര്‍ട്ടം നടത്തുക.



Sharing is Caring