ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച മലയാളിയുടെ മൃതദേഹം 17 മാസത്തിനു ശേഷം നാട്ടിലെത്തിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി അച്ചന്കുഞ്ഞു യോഹന്നാന് തോമസിന്റെ മൃതദേഹമാണ് റിയാദില്‍ നിന്നു നിയമ നടപടിക്കൊടുവില്‍ 17 മാസത്തിനു ശേഷം നാട്ടിലെത്തിച്ചത്.
അല്‍ ഖര്‍ജില്‍ ഹൗസ് ഡ്രൈവറായിരുന്ന യോഹന്നാന് തോമസിനെ (50) 2015 ജൂലൈ 28 ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആടുവളര്‍ത്തല്‍ കേന്ദ്രത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പരിശോധിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ മരണം ആത്മഹത്യയാണെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു . അല്‍ഖര്‍ജിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഒരു വര്ഷത്തിലധികമായതിനെ തുടര്‍ന്ന് ഗവര്‍ണറേറ്റിന്റെ ഉത്തരവ് പ്രകാരം ഇവിടെ അടക്കം ചെയ്യാനുള്ള നടപടികള്‍ കൈകൊള്ളുന്നതിനിടെയാണ് ഒടുവില്‍ അനിശ്ചിതത്വം നീങ്ങി നാട്ടിലേക്കയക്കാന്‍ സാഹചര്യമൊരുങ്ങിയത്.
തൊഴിലുടമയില്‍ നിന്നു തൊഴില്‍ ഉപേക്ഷിച്ച് ഓടിപ്പോയതിനാല്‍ ഇയാള്‍ ഹുറൂബിന്റെ ഗണത്തിലായിരുന്നു. മരണ വിവരം വീട്ടുകാരെ അറിയിച്ചെങ്കിലും മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നദ്ധമായില്ല. ഇതോടെ തൊഴിലുടമയും കയ്യൊഴിയുകയായിരുന്നു. ഗവര്‍ണറേറ്റ് ഉത്തരവ് കൂടി വന്നതോടെ ആശുപത്രി അധികൃതര്‍ ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായം തേടി. നോര്‍ക്ക ജനറല്‍ കണ്‍സള്‍ട്ടന്റ് ഷിഹാബ് കൊട്ടുകാട് യോഹന്നാന് തോമസിന്റെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ നിയമ നടപടി പൂര്‍ത്തിയായെങ്കിലും തോമസിന്റെ മകന്റെ പരീക്ഷ കഴിഞ്ഞ് മൃതദേഹം നാട്ടിലെത്തിച്ചാല്‍ മതിയെന്ന നിലപാട് വീട്ടുകാര്‍ സ്വീകരിച്ചത് വീണ്ടും കുറച്ചു ദിവസങ്ങള്‍ കൂടി വൈകാന്‍ കാരണമായി. ഇതിനിടെ പാസ്പോര്‍ടില്‍ രേഖപ്പെടുത്തിയ വിസ കാലാവധി കഴിയുകയും ചെയ്തതോടെ മൃതദേഹം കയറ്റി അയക്കുന്നത് വീണ്ടും അനിശ്ചിതത്വത്തിലായി. ഇന്ത്യന്‍ എംബസി സഊദി പാസ്പോര്ട് വകുപ്പിന്റെ സഹായത്തോടെ നിയമ നടപടി പൂര്‍ത്തിയാക്കിയതോടെയാണ് എയര്‍ ഇന്ത്യാ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് അയച്ചത്. തൊഴിലുടമ സഹകരിക്കാത്തതിനാല്‍ മൃതദേഹം അയക്കുന്നതിനുളള മുഴുവന്‍ ചെലവും ഇന്ത്യന്‍ എംബസിയാണ് വഹിച്ചത്.












