റിപ്പബ്ളിക് ടിവി അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് അറസ്റ്റില്‍

ചാനല്‍ റേറ്റിങിൽ കൃത്രിമം കാണിച്ചുവെന്ന കേസില്‍ റിപ്പബ്ളിക് ടിവിയുടെ അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്തു. അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവി ചാനലിൽ വിതരണ ചുമതല വഹിക്കുന്ന ഗനശ്യാം സിങാണ് അറസ്റ്റിലായത്. ചാനല്‍ റേറ്റിങില്‍ കൃത്രിമം നടത്തിയെന്ന കേസിൽ മുംബൈ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന പന്ത്രണ്ടാമത്തെയാളാണ് ഗനശ്യാം. ഇന്ന് കോടതിയിൽ ഹാജരാക്കും.

റിപ്പബ്ളിക് ടിവി കാണാതെ തന്നെ ചാനല്‍ തുറന്നുവെക്കാന്‍ പണം ലഭിച്ചിരുന്നുവെന്ന് ചിലർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ടി.ആർ.പി അഴിമതി സംബന്ധിച്ച അന്വേഷണ വലയത്തിൽ രണ്ട് പ്രാദേശിക ചാനലുകളായ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നിവരുമുണ്ട്. ഇതേസമയം, റിപ്പബ്ളിക് ടിവി ആരോപണങ്ങൾ ശക്തമായി നിഷേധിക്കുകയും സുശാന്ത് സിങ് രജ്പുതിന്‍റെ മരണം സംബന്ധിച്ച പൊലീസ് അന്വേഷണത്തെ ചാനൽ ചോദ്യം ചെയ്തതിനാല്‍ മുംബൈ പൊലീസ് പകപോകുകയാണെന്ന് ആരോപിക്കുകയും ചെയ്തതിട്ടുണ്ട്.

മുംബൈയിലെ ഇന്‍റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം അര്‍ണബ് അറസ്റ്റിലായിരുന്നു. ഇന്‍റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്‍ണബിന്‍റെ അറസ്റ്റ്. 2018ലായിരുന്നു സംഭവം. കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായിരുന്നു അന്‍വായ് നായിക്. ആര്‍കിടെക്ട്, ഇന്‍റീരിയര്‍ ഡിസൈന്‍ കമ്പനിയായിരുന്നു ഇത്. റിപബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വായ് നായികിന്‍റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. റിപബ്ലിക് ടിവി 83 ലക്ഷവും ഫിറോസ് ഷെയ്ഖ് 4 കോടി രൂപയും നിതീഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നായിരുന്നു കുറിപ്പ്. സ്ഥാപനങ്ങള്‍ ഡിസൈന്‍ ചെയ്ത വകയില്‍ കോടികള്‍ ലഭിക്കാതിരുന്നതോടെ അന്‍വായ് കടക്കെണിയിലകപ്പെട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *