രോഗം ബാധിച്ച്‌ സംസ്ഥാനത്ത് എത്തുന്ന പലരും അവശനിലയിലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാല്‍, ഭാവിയില്‍ അതുണ്ടാവില്ലെന്ന് പറയാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഓരോ ദിവസവും 3000 ത്തിനടുത്ത് ടെസ്റ്റുകള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

രോഗം ബാധിച്ച്‌ സംസ്ഥാനത്ത് എത്തുന്ന പലരും അവശനിലയിലാണ്. ഗള്‍ഫില്‍ നിന്ന് പത്തനംതിട്ടയിലെത്തിയ കൊവിഡ് ബാധിച്ച തൊടുപുഴ സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന് കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതിനാല്‍ തന്നെ രക്ഷിക്കാനായില്ലെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ഗതാഗത സംവിധാനങ്ങള്‍ പുനസ്ഥാപിച്ചപ്പോള്‍ ആകാശമാര്‍ഗവും റോഡ് മാര്‍ഗവും കപ്പല്‍ മാര്‍ഗവും ആളുകള്‍ വരാന്‍ തുടങ്ങി. ഇപ്പോള്‍ വരുന്നവര്‍ കൂടുതലായി രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍ നിന്നാണ്.

നമ്മുടെ രാജ്യത്ത് തന്നെ മുംബൈയൊക്കെ വലിയ വൈറസ് ബാധിത ഇടമായി. ചെന്നൈയില്‍ നിന്നും വരുന്നവരില്‍ വലിയൊരു ശതമാനവും പോസിറ്റീവാണ്. അതുകൊണ്ടാണ് സംസ്ഥാനത്ത് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത്. മാത്രമല്ല രോഗികളായി എത്തുന്ന പലരും അവശ നിലയിലാണ്. മഹാരാഷ്ട്രയില്‍ നിന്നും മലപ്പുറത്ത് എത്തിയ സ്ത്രീയെ ചികിത്സിക്കാന്‍ കൂടി കഴിഞ്ഞില്ല. അതിന് മുന്‍പ് തന്നെ മരിച്ചു പോയി. ആരും മരണപ്പെടാതെ രക്ഷപ്പെടുത്താനുള്ള കഠിന ശ്രമമാണ് നടത്തുന്നത്. മരണനിരക്ക് കുറച്ചുകൊണ്ടുവരാന്‍ തന്നെയാണ് ശ്രമെന്നും ആരോഗ്യമന്ത്രി വ്യകതമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *