കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ഫ്ളാറ്റ് ഉടമകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കടഹര്‍ജി നല്‍കും. ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുന്നതിനു പുറമേയാണിത്. ഇതോടൊപ്പം സംസ്ഥാനത്തെ 140 എംഎല്‍എമാര്‍ക്കും നിവേദനം നല്കാന് ഫ്ളാറ്റ് ഉടമകള്‍ തീരുമാനിച്ചു.
കുടിയൊഴിപ്പിക്കല്‍ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണു ഫ്ളാറ്റുടമകള്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഉത്തരവാദിത്തമുള്ളവര്‍ തന്നെ നീതി നിഷേധം കാണിക്കുന്നു എന്നും ഫ്ളാറ്റ് ഉടമകള്‍ ഹൈക്കോടതിയെ അറിയിക്കും. അഞ്ചു ദിവസത്തിനകം കുടിയൊഴിയണമെന്നു കാട്ടി ഫ്ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഭൂരിഭാഗവും കൈപ്പറ്റാന്‍ വിസമ്മതിച്ചു.

അതേസമയം, ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറലിനോടു നിയമോപദേശം തേടിയതായും റിപ്പാര്‍ട്ടുണ്ട്. കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍നിന്ന് കര്‍ശന നിര്‍ദേശമുണ്ടായതിനു പിന്നാലെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയത്.













