‘രാഹുലിന് സ്വന്തം മണ്ഡലം സന്ദര്‍ശിക്കാം’; അനുമതി നിഷേധിച്ച് ഒരു ദിവസത്തിന് ശേഷം മലക്കം മറിഞ്ഞ് യോഗി സര്‍ക്കാര്‍


രാഹുല്‍ ഗാന്ധിയ്ക്ക് പാര്‍ലമെന്ററി മണ്ഡലമായ അമേതി സന്ദര്‍ശിക്കുന്നതിന് അനുമതി നിഷേധിച്ച തീരുമാനത്തില്‍ നിന്ന് യോഗി സര്‍ക്കാര്‍ പിന്മാറി. സര്‍ക്കാരിന് സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ സാങ്കേതിക തടസ്സം ഉള്ളതിനാല്‍ സന്ദര്‍ശനം മാറ്റിവെക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായ സാഹചര്യത്തിലാണ് തീരുമാനത്തില്‍ നിന്നും സര്‍ക്കാരിന്റെ പിന്മാറ്റം.
നേരത്തെ നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ അഞ്ചിന് തന്നെ അമേഠി സന്ദര്‍ശിക്കുന്നതില്‍ തടസ്സമൊന്നുമില്ലെന്ന് സര്‍ക്കാര്‍ രാഹുലിനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷയൊരുക്കാന്‍ സാങ്കേതിക തടസ്സങ്ങള്‍ ഉള്ളതിനാല്‍ ഒക്ടോബര്‍ അഞ്ചിനുള്ള സന്ദര്‍ശനത്തിന് അനുമതി നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു സര്‍ക്കാരിന്‍റെ മുന്‍ നിലപാട്. ഒക്ടോബര്‍ നാല് മുതല്‍ ആറ് വരെ അമേതി സന്ദര്‍ശിക്കാനായിരുന്നു രാഹുല്‍ പദ്ധതിയിട്ടത്. എന്നാല്‍ 5ാം തീയ്യതി ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കാന്‍ അസൗകര്യമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
ഒക്ടോബര്‍ പത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രിമാരും രാഹുലിന്റെ മണ്ഡലമായ അമേതി സന്ദര്‍ശിക്കുന്നുണ്ട്. രാഹുലിന്‍റെ അമേഠി സന്ദര്‍ശനം വിലക്കിയ ബിജെപി സര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം രംഗത്തെത്തിയിരുന്നു.




Sharing is Caring