രാഹുലിന്റെ സ്ഥാനാരോഹണത്തിന് മുഖംമിനുക്കി കോണ്‍ഗ്രസ് ആസ്ഥാനവും


കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക രാഹുല്‍ ഗാന്ധി എത്തുന്നതിനു മുന്നോടിയായി ഡല്‍ഹി അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനവും മോടിപിടിപ്പിക്കുന്നു. പഴയ കെട്ടിടത്തിന് പെയിന്റടിച്ച്‌ പുതുക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്്. മാധ്യമങ്ങള്‍ക്ക് ലൈവ് ടെലികാസ്റ്റിന് നല്‍കിയിരുന്ന മുറി രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ ടീമിനായി മാറ്റിയിട്ടുണ്ട്. മെസ്സിലും കാര്യമായ മാറ്റം കൊണ്ടുവരുന്നുണ്ട്. ‘ആവശ്യമില്ലാത്തത് എല്ലാം നീക്കണം’ എന്ന നിര്‍ദേശമാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്. ഡിസംബര്‍ ആദ്യവാരം രാഹുലിന്റെ സ്ഥാനാരോഹണം ഉണ്ടാകുമെന്നാണ് സൂചന.


പിതാവ് രാജീവ് ഗാന്ധിയെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയേയും പോലെ എ.ഐ.സി.സി ഓഫീസില്‍ ഏറെ സമയം ചെലവഴിക്കാനാണ് രാഹുല്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ സോണിയ ഗാന്ധി ഇപ്രകാരമായിരുന്നില്ല. ഓഫീസില്‍ ദിവസേന മാധ്യമങ്ങളെ കാണാനും രാഹുലിന് പദ്ധതിയുണ്ട്. പ്രധാന ഗേറ്റിന് പുറത്ത് കഴിഞ്ഞ 20 വര്‍ഷമായി സോണിയ ഗാന്ധിയുടെ മുഖവുമായി ഇരിക്കുന്ന വമ്ബന്‍ ബോര്‍ഡിലും മാറ്റം വരും. ആ ബോര്‍ഡില്‍ ഇനി രാഹുലിന്റെ മുഖമായിരിക്കും. ബോര്‍ഡില്‍ ഒട്ടും പ്രാധാന്യം കുറയാത്ത സ്ഥാനം സോണിയയ്ക്കുമുണ്ടാകും.


എഐസിസി ഓഫീസില്‍ രാഹുലിന്റെ മുറിയുടെ മുന്നിലും പുതിയ ബോര്‍ഡ് തൂങ്ങും. നിലവില്‍ വൈസ് പ്രസിഡന്റ് എന്നെഴുതിയിരിക്കുന്ന ബോര്‍ഡ് പ്രസിഡന്റ് എത്തുന്ന തലക്കെട്ടില്‍ പ്രത്യക്ഷപ്പെടും.

ഡിസംബര്‍ ഒന്നു മുതല്‍ നാലു വരെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുലിന് എതിരാളിയായി ആരും എത്തിയില്ലെങ്കില്‍ ഐക്യകണേ്ഠന തെരഞെ്ടുത്തതായി പ്രഖ്യാപിക്കും. ഗുജറാത്ത് തെരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിക്കുന്ന സമയത്ത് കൂടിയാണ് രാഹുലിന്റെ സ്ഥാനാരോഹണം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന രാജസ്ഥാന്‍, കര്‍ണാടക തെരഞ്ഞെടുപ്പുകളും രാഹുലിന് നിര്‍ണായകമാണ്.



Sharing is Caring