രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാകുന്നു, ഞെട്ടലോടെ തലസ്ഥാന നഗരി

കാലങ്ങളായി സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ നിലനിന്ന രാഷ്ട്രീയ വൈര്യം കൊലപാതകത്തിലേക്കും സംഘട്ടനങ്ങളിലേക്കും വഴിമാറിയതോടെ തലസ്ഥാന നഗരം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തെരിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇരു വിഭാഗവും തമ്മിൽ നിലനിന്ന സംഘർഷങ്ങളാണ് ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ കലാശിച്ചത്. സംഘർഷങ്ങളെ തുടർന്ന് നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞയ്‌ക്കിടെയാണ് നഗരത്തിൽ നിന്നും മാറി ശ്രീകാര്യത്ത് ആർ.എസ്.എസ് ബസ്‌തി കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നാണ് ബി.ജെ.പി ആരോപിക്കുമ്പോൾ സംഭവത്തിൽ പങ്കില്ലെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വിശദീകരിക്കുന്നത്. സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നും അദ്ദേഹം പറയുന്നു.

ശനിയാഴ്‌ച രാത്രി എട്ട് മണിയോടെയാണ് നഗരത്തിൽ ശ്രീകാര്യത്ത് ആർ.എസ്.എസിന്റെ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് പോയ പ്രവർത്തകൻ രാജേഷ് ആക്രമിക്കപ്പെട്ടത്. മണികണ്‌ഠൻ എന്നയാളുടെ നേതൃത്വത്തിലെത്തിയ അഞ്ചംഗ സംഘമാണ് ഇയാളെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. വെട്ടേറ്റ് വീണ രാജേഷിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിൽ കൈ അറ്റു പോയ ഇയാളെ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാജേഷിന്റെ ശരീരത്തിൽ നാൽപ്പത്തോളം വെട്ടേറ്റെന്നാണ് ഇയാളെ ആദ്യം പരിശോധിച്ച മെഡി.കോളേജിലെ ഡോക്ടർമാർ പറഞ്ഞത്.

അതേസമയം, നഗരത്തിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് കനത്ത ജാഗ്രതയിലാണ്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ പൊലീസുകാരെ നിയമിച്ചതിന് പുറമെ സി.സി.ടി.വി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അതേസമയം, നഗരത്തിലെ അക്രമ സംഭവങ്ങൾ തടയാൻ പൊലീസിന് കഴിയാത്തത് കനത്ത വീഴ്‌‌ചയാണെന്നാണ് ആക്ഷേപം. ആദ്യ ദിവസം സംഘർഷമുണ്ടായപ്പോൾ തന്നെ പൊലീസ് ഉണർന്നു പ്രവർത്തിച്ചിരുന്നുവെങ്കിൽ അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും വിമർശനമുയരുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *