രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സൗജന്യനിരക്കുമായി ബി.എസ്.എന്‍.എല്‍.


രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സി.യു.ജി. (ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ്) സേവനം ലഭ്യമാക്കാനൊരുങ്ങി പൊതുമേഖലാ ടെലികോം കമ്പനി ബി.എസ്.എന്‍.എല്‍. പ്രത്യേക ഗ്രൂപ്പുകളായി സിംകാര്‍ഡുകള്‍ നല്‍കുന്ന സംവിധാനമാണിത്. ഈ ഗ്രൂപ്പിനുള്ളില്‍ സൗജന്യമായി എത്രനേരംവേണമെങ്കിലും വിളിക്കാനാകുമെന്നതാണ് പ്രധാന പ്രത്യേകത.


തൃശ്ശൂര്‍ സെക്കന്‍ഡറി സ്വിച്ചിങ് ഏരിയയില്‍ (എസ്.എസ്.എ) 25,000 സിംകാര്‍ഡുകള്‍ വാങ്ങി ബി.ജെ.പി. പദ്ധതിയുടെ ആദ്യ ഗുണഭോക്താവാകും. പാര്‍ട്ടിക്കകത്ത് സി.യു.ജി. സംവിധാനമുണ്ടാക്കാന്‍ താത്പര്യമുണ്ടെന്നറിയിച്ച് ബി.ജെ.പി. തൃശ്ശൂര്‍ ബി.എസ്.എന്‍.എല്‍. മാര്‍ക്കറ്റിങ് വിഭാഗത്തെ സമീപിക്കുകയായിരുന്നു.


കാല്‍ലക്ഷം സിംകാര്‍ഡുകള്‍ എടുക്കാമെന്ന നിര്‍ദേശം കമ്പനി അംഗീകരിച്ചു. തുടര്‍ച്ചയുള്ള നമ്പറുകളായിരിക്കും ഈ സിംകാര്‍ഡുകള്‍ക്കായി നല്‍കുക.

പോലീസ്, ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് സി.യു.ജി. സിംകാര്‍ഡുകള്‍ മുമ്പ് നല്‍കിയിരുന്നു.

സി.യു.ജി. ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ് അഥവാ സി.യു.ജി. സംവിധാനം പ്രത്യേക ഗ്രൂപ്പുകള്‍ക്ക് മാത്രമായി നല്‍കുന്നതാണ്. പുറത്തുള്ള നമ്പറുകളില്‍ വിളിക്കാന്‍ കൂടുതല്‍ പണം നല്‍കണം. ആക്ടിവേഷന്‍ ചാര്‍ജ് ആദ്യം ഈടാക്കും. 25 പേരുള്ള ഗ്രൂപ്പാണെങ്കില്‍ 80 രൂപയും 250 പേര്‍ വരെയുള്ള ഗ്രൂപ്പാണെങ്കില്‍ 60 രൂപയുമാണ് ഒരു സിമ്മിനുള്ള പ്രതിമാസ നിരക്ക്. 250 -ല്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ നിരക്ക് പിന്നെയും കുറയ്ക്കും.

കേരളാ പോലീസിന് നല്‍കിയ സിംകാര്‍ഡ് ഒന്നിന് 30 രൂപ വീതമാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഡി.ജി.പി. മുതല്‍ താഴെത്തട്ടുവരെയുള്ളവര്‍ 51,084 കണക്ഷനെടുത്ത് ഫലപ്രദമാണെന്ന് തെളിയിച്ച സംവിധാനമാണിത്.
ആശങ്കകള്‍
ഗ്രൂപ്പിലെ സന്ദേശങ്ങള്‍ രഹസ്യാത്മകമായിരിക്കും. പാര്‍ട്ടിപ്രവര്‍ത്തകരെ സി.യു.ജി.യില്‍പ്പെടുത്തി പ്രവര്‍ത്തനം, പ്രക്ഷോഭം മറ്റ് കാര്യങ്ങള്‍ എന്നിവയ്ക്കുള്ള നിര്‍ദേശം പുറത്തുള്ളവര്‍ അറിയാതെ കൈമാറുമെന്ന ആശങ്ക നിലനില്‍ക്കുന്നു.
സ്‌കീമില്‍ മാറ്റമുണ്ടാകും – ബി.എസ്.എന്‍.എല്‍.
പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സി.യു.ജി. സ്‌കീം അനുവദിക്കുമ്പോള്‍ മുമ്പുണ്ടായിരുന്നവയില്‍നിന്ന് വ്യത്യാസമുണ്ടാകുമെന്ന് ബി.എസ്.എന്‍.എല്‍. കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു മാതൃഭൂമിയോട് പറഞ്ഞു. സിം ആര്‍ക്കാണ് നല്‍കുന്നതെന്ന് വാങ്ങുന്ന ഭാരവാഹി രേഖാമൂലം അറിയിക്കണം. സിം കിട്ടുന്ന പ്രവര്‍ത്തകന്‍ അടുത്തുള്ള ബി.എസ്.എന്‍.എല്‍. ഓഫീസിലെത്തി ആധാര്‍ നമ്പറും ഇ-കെ.വൈ.സി സംവിധാനത്തില്‍ വിരലടയാളവും നല്‍കണം.



Sharing is Caring