രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മീരാകുമാര്‍ ഇന്ന് പത്രിക നല്‍കും

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാകുമാര്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാജ്ഘട്ട് സന്ദര്‍ശിച്ച ശേഷമാകും പത്രികസമര്‍പ്പണം. 18 പ്രതിപക്ഷനേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. മീരാകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ തുടങ്ങും. ഗുജറാത്തിലായിരിക്കും ഡല്‍ഹിക്കു പുറത്തുള്ള അവരുടെ ആദ്യ പ്രചാരണം. ശേഷം അടുത്തമാസം അഞ്ചിന് ജന്‍മനാടുകൂടിയായ ബിഹാര്‍ സന്ദര്‍ശിക്കും. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി മീരാകുമാര്‍ ട്വിറ്റര്‍ അക്കൗണ്ടും തുടങ്ങി.

അതേസമയം, തനിക്കു പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷകക്ഷികള്‍ക്ക് ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മീരാകുമാര്‍ നന്ദി അറിയിച്ചു. ഒരുപ്രത്യേക ആശയത്തിന്റെ പേരിലാണ് പ്രതിപക്ഷകക്ഷികള്‍ ഒന്നിക്കുന്നതെന്നും ഇത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും അവര്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം, സാമൂഹിക നീതി, സുതാര്യത, ദാരിദ്ര്യ നിര്‍മാര്‍ജനം, ജാതിഘടന തകര്‍ക്കല്‍ തുടങ്ങിയ ആശയങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന കക്ഷികളാണ് തനിക്കു പിന്തുണ പ്രഖ്യാപിച്ചത്. ഇത്തവണത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ രണ്ട് ദലിതര്‍ തമ്മിലുള്ള പോരാട്ടമെന്ന വിലയിരുത്തലിനെ അവര്‍ തള്ളിക്കളഞ്ഞു. സമൂഹത്തിന്റെ മനോഭാവത്തെയാണ് ഇത് തുറന്നു കാണിക്കുന്നത്. ഒരു വ്യക്തിയുടെ കഴിവുകളല്ല, അവരുടെ ജാതിയാണ് പലരും ഉയര്‍ത്തിപ്പിടിക്കുന്നത്. ആശയതലത്തില്‍ നിന്നായിരിക്കും തന്റെ പോരാട്ടം. ജനാധിപത്യമൂല്യങ്ങളും സമത്വവും സാമൂഹ്യനീതിയും തന്നോട് വളരെ അടുത്തു നില്‍ക്കുന്ന സങ്കല്‍പങ്ങളാണെന്നും അവര്‍ പറഞ്ഞു.

അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എന്‍.ഡി.എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് ഇന്ന് ജമ്മുകശ്മിര്‍ സന്ദര്‍ശിക്കും. മുഖ്യമന്ത്രി മെഹബൂബാ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തുന്ന കോവിന്ദ്, സംസ്ഥാനത്തെ പി.ഡി.പി- ബി.ജെ.പി എം.എല്‍.എമാരെ കണ്ട് പിന്തുണ അഭ്യര്‍ഥിക്കും.മെഹബൂബയുടെ വസതിയില്‍ വച്ച് ബി.ജെ.പി- പി.ഡി.പി എം.പിമാരെയും കോവിന്ദ് കാണുന്നുണ്ട്. 23നു കോവിന്ദിന്റെ നാമനിര്‍ദേശപത്രിക സമര്‍പ്പണ ചടങ്ങില്‍ ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും മുഴുവന്‍ മുഖ്യമന്ത്രിമാരും പങ്കെടുത്തിരുന്നുവെങ്കിലും മെഹബൂബ വിട്ടുനിന്നിരുന്നു. ജമ്മുകശ്മിര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും.

കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള എം.എല്‍.എമാരെയും അദ്ദേഹം കാണും. തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് എം.എല്‍.എമാരില്ലെങ്കിലും അണ്ണാ ഡി.എം.കെയിലെ ഒരുവിഭാഗം പിന്തുണ അറിയിച്ചിട്ടുണ്ട്. ഏക ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിനെ കാണാനായി മാത്രം കോവിന്ദ് കേരളത്തില്‍ വരില്ല. പകരം രാജഗോപാലിനോട് തമിഴ്‌നാട്ടിലേക്ക് എത്താന്‍ ആവശ്യപ്പെടുമെന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *