രാമനാട്ടുകരയില്‍ ഫുട് വെയര്‍ പാര്‍ക്കിന് നടപടിയാവരുന്നു


2020138888കോഴിക്കോട്: രാമനാട്ടുകരയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന കിന്‍ഫ്ര ഫുട് വെയര്‍ പാര്‍ക്കിനുവേണ്ടി ജില്ലയിലെ പാദരക്ഷാ നിര്‍മാണ വ്യവസായ സംരംഭകരുമായി ‘ബിസിനസ് ടു ബിസിനസ്’ മീറ്റ് സംഘടിപ്പിക്കുന്നു. ഇന്ന് (ജൂണ്‍ 25) വൈകിട്ട് അഞ്ചു മണിക്ക് കോഴിക്കോട്ടെ താജ് ഹോട്ടലിലാണ് മീറ്റ്. കിന്‍ഫ്രയാണ് പരിപാടി സംഘടിപ്പിയ്ക്കുന്നത്.


മുപ്പത് ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് സ്ഥാപിക്കാനുദ്ദേശിക്കുന്നത്. ജില്ലയിലെ പാദരക്ഷാ നിര്‍മാണ വ്യവസായ സംരംഭകരുടെ സംഘവുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്റെ മെഗാ ലെതല്‍ ക്ലസ്റ്റര്‍ പദ്ധതി പ്രകാരമാണ് ഈ സംരംഭം വരുന്നത്.


നിര്‍ദ്ദിഷ്ട ഫുട് വെയര്‍ പാര്‍ക്കില്‍ വികസിപ്പിച്ച പ്ലോട്ടുകള്‍ക്ക് പുറമെ ജലം, വൈദ്യുതി, മലിനജല ശുദ്ധീകരണ ശാല, പരിശീലന കേന്ദ്രം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കാനാണ് പദ്ധതി.

രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ചെലവ് 107 കോടി രൂപയാണ്. ജില്ലയില്‍ മാത്രം ഏകദേശം 200 പാദരക്ഷാ നിര്‍മാതാക്കളാണുള്ളത്. പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ 2,000 പേര്‍ക്ക് നേരിട്ടും 3,500ഓളം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങളുണ്ടാവും.



Sharing is Caring