അരുവിക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്ക് അങ്ങനെ ഇന്ന് (ജൂണ്‍ 25) വൈകിട്ട് അഞ്ച് മണിയോടെ തിരശ്ശീല വീഴുന്നു. ജാതി മത സംഘടനകളോടെല്ലാം മനസാക്ഷി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട അരുവിക്കരയിലെ ത്രികോണ മത്സരത്തിന് 27 ന് വിധിയെഴുത്ത് നടക്കും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനനന്ദനും മുന്നില്‍ നിന്ന് നയിക്കുന്ന തിരഞ്ഞെടുപ്പ് പോരിന്, മണ്ഡലത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രചാരണ പരിപാടികളാണ് നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതുമുതല്‍ പരസ്യമായി ഒരക്ഷരം മിണ്ടാത്ത പിണറായി വിജയനാണ് ഇടതുമുന്നണിയ്ക്ക് വേണ്ടി അണിയറയിലിരുന്നു തന്ത്രങ്ങള്‍ മെനഞ്ഞത്.

യു ഡി എഫ് സ്ഥനാര്‍ഥിക്കുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ മണ്ഡലത്തിന്റെ മൂന്നു ഭാഗങ്ങളില്‍ നിന്നായി റോഡ് ഷോകള്‍ തുടങ്ങി. പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണിയുടെ പൊതുയോഗങ്ങളും സമാന്തരമായി അരങ്ങേറി. ഒപ്പം തെന്നിന്ത്യന്‍ താരവും എ ഐ സി സി വക്താവുമായ കുശ്ബുവിനെ ഇറക്കി അവസാനലാപ്പിന് താരത്തിളക്കം നല്‍കാനും യു ഡി എഫ് മറന്നില്ല.
സിനിമാ സീരിയല്‍ താരങ്ങളെ ഇറക്കിയാണ് ബി ജെ പി പ്രചാരണ പരിപാടി കൊഴുപ്പിച്ചത്. അല്ലറ ചില്ലറ രസകരമായ സംഭവങ്ങളും, സോഷ്യല്‍ മീഡിയ കൗതുകങ്ങളും ഉണ്ടായിരുന്നെങ്കിലും സംഭവം ശ്രദ്ധനേടിയിരുന്നു. നടന്‍ സുരേഷ് ഗോപി ആദിവാസ മേഖലയായ കോട്ടൂരില്‍ ഇന്നലെ (ജൂലൈ 24) പ്രചാരണം നടത്തി. ബിജെപിക്ക് വേണ്ടി കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ രണ്ടു യോഗങ്ങളില്‍ പങ്കെടുത്തു മടങ്ങി.
ഇനി കാത്തിരിക്കുന്നത് ജൂണ്‍ 27 ന് വേണ്ടിയാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന ജൂണ്‍ 27, ശനിയാഴ്ച വോട്ടര്‍പട്ടികയില്‍ പേരുള്ള, നിയോജകമണ്ഡലത്തിനു പുറത്ത് ജോലി നോക്കുന്ന കാഷ്വല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് ഉത്തരവായിട്ടുണ്ട്.
മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അന്നേദിവസം നേരത്തെ പൊതുഅവധിയായി പ്രഖ്യാപിച്ചിരുന്നു.













