രാത്രി ഒന്‍പതു മണിക്ക് ശേഷമുള്ള വാഹനഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊലീസ് സംവിധാനം കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സ്ഥലങ്ങളില്‍ ആര്‍ക്കും ഒരിളവും അനുവദിക്കില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാഹനപരിശോധന നടത്തും. അനുവദനീയമായ എണ്ണം ആള്‍ക്കാരെ മാത്രമേ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ. രാത്രി ഒന്‍പതു മണിക്ക് ശേഷമുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കും. അവശ്യസര്‍വ്വീസുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ ചിലര്‍ മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാസ്‌ക്കും ഹെല്‍മെറ്റും ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാര്‍ക്കെതിരെയും പൊലീസ് കര്‍ശന നടപടി സ്വീകരിക്കും. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ്. ജില്ലാ പൊലീസ് മേധാവിമാര്‍ പൊലീസ് പിക്കറ്റുകളും മറ്റു പരിശോധനസ്ഥലങ്ങളും ഇടയ്ക്കിടെ സന്ദര്‍ശിക്കും. ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കാതെ വീടുകളില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. മാസ്‌ക് ധരിക്കാത്ത 6187 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റീന്‍ ലംഘിച്ച 11 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *