രാജ്യവ്യാപകമായി കനത്ത മഴ; മുഖ്യ നഗരങ്ങളില്‍ വെള്ളപ്പൊക്കം

രാജ്യമെങ്ങും മണ്‍സൂണ്‍ കനത്തതോടെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ദല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലും ബീഹാര്‍, ആസാം, ഹരിയാന തുടങ്ങിയ ഉത്തരഭാരത നഗരങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായി. ഇതോടെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കും മിക്ക നഗരങ്ങളിലും അനുഭവപ്പെട്ടു.

ആസാമില്‍ വലിയ പ്രളയമാണ്. നദികളെല്ലാം കരകവിഞ്ഞതോടെ ജനജീവിതം താറുമാറായിട്ടുണ്ട്. ഹരിയാനയിലെ ഗുഡ്ഗാവില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് വാഹനങ്ങളാണ് ദേശീയപാതയില്‍ കുടുങ്ങിക്കിടക്കുന്നത്. രാജ്യതലസ്ഥാനത്ത് ഐടിഒ, ഇന്ത്യാഗേറ്റ്, കരോള്‍ബാഗ് തുടങ്ങിയ നിരവധി മേഖലകളില്‍ ഗതാഗതം സ്തംഭിച്ചു.

ബെംഗളൂരുവില്‍ റിങ് റോഡില്‍ അടക്കം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. നഗരത്തില്‍ മിക്കയിടങ്ങളിലും കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ രക്ഷപ്പെടുത്തുന്നതിനായി ചെറുബോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്.
ബീഹാറിലെ കനത്ത വെള്ളപ്പൊക്കത്തില്‍ ഇതുവരെ 26 പേര്‍ മരിച്ചു. 22 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചതായി സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. കോശി നദി ഉള്‍പ്പെടെ കരകവിഞ്ഞ് ഒഴുകുകയാണ്.

പത്തു ജില്ലകള്‍ പാടേ വെള്ളത്തിലായി. പുര്‍ണിയ, കിഷന്‍ഗഞ്ച്, മധേപ്പുര, ഗോപാല്‍ തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും ബാധിച്ചിട്ടുള്ളതെന്ന് സംസ്ഥാന ദുരുതനിവാരണ വിഭാഗം വിശദീകരിച്ചു. 1.83 ലക്ഷം ഹെക്ടര്‍ പ്രദേശം വെള്ളത്തിനടിയിലായി. 83 ലക്ഷം ഏക്കര്‍ വിളനശിച്ചിട്ടുണ്ട്. 5,100 വീടുകളും 4,63ഠ കുടിലുകളും നശിച്ചു. ആറു നദികള്‍ അപായകരമായി ഒഴുകുകയാണ്.
ദല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഗുഡ്ഗാവിലുണ്ടായ അതിശക്തമായ മഴയില്‍ എട്ടാം നമ്പര്‍ ദേശീയപാതയില്‍ വെള്ളം പൊങ്ങി ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. ഹീറോ ഹോണ്ട ചൗക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചെറുതും വലുതുമായ വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. ഓഫീസുകളും ഫാക്ടറികളും വെള്ളം കയറി മുങ്ങി. വന്‍ കണ്ടൈനറുകളും ചരക്കു വണ്ടികളും വെള്ളത്തിനടിയിലായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *