രാജ്യം നേരിടുന്നത് അടിയന്തരാവസ്ഥയേക്കാള്‍ മോശമായ അവസ്ഥയെന്ന് കോണ്‍ഗ്രസ്

രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത് അടിയന്തരാവസ്ഥക്കാലത്തേക്കാള്‍ മോശമായ അവസ്ഥയിലാണെന്ന് കോണ്‍ഗ്രസ്. ബിജെപി ഇതിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു. 43 വര്‍ഷത്തിനു ശേഷം അടിയന്തരവസ്ഥയേക്കാള്‍ മോശമായ തരത്തിലേക്ക് ഇപ്പോള്‍ രാജ്യത്തെ ഭരണം കൂപ്പു കുത്തിയെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം അടിയന്തരാവസ്ഥ കോണ്‍ഗ്രസിന് നല്‍കിയ കനത്ത തിരിച്ചടി അമിത് ഷായും കൂട്ടരും ഓര്‍ക്കുന്നത് നല്ലതാണെന്നും പറഞ്ഞു.

അന്ന് കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് ജനങ്ങള്‍ ആട്ടിയോടിച്ചതാണ്. സംഭവിച്ച പിഴവ് മനസിലാക്കിയ കോണ്‍ഗ്രസ് ആ ജനവിധിയെ മാനിച്ചു. അതിനു ശേഷം അധികാരത്തിലേറിയ ജനതാ സര്‍ക്കാരിന്‍റെ ഭരണം ജനത്തെ വീര്‍പ്പുമുട്ടിച്ചപ്പോള്‍ അവര്‍ വിധി തിരുത്തിയെഴുതിയത് കേന്ദ്രത്തിലിരിക്കുന്നവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമാനമായ വിധിയെഴുത്താവും നിലവിലെ ബിജെപി ഭരണത്തിനെതിരെയും ഉണ്ടാവുകയെന്നും സുര്‍ജെവാല വ്യക്തമാക്കി.

ഭരണകൂടങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ചാല്‍ തിരിച്ചടി ഉറപ്പാണെന്നു പറഞ്ഞ കോണ്‍ഗ്രസ് വക്താവ് രാജ്യത്ത് നിലവിലെ സര്‍ക്കാരിന്‍റേതുപോലൊരു ദുര്‍ഭരണം ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. കഴിക്കുന്ന ഭക്ഷണത്തിന്‍റെ പേരിലും ധരിക്കുന്ന വസ്ത്രത്തിന്‍റെ പേരിലും ആളുകള്‍ കൊല്ലപ്പെടുന്ന അവസ്ഥ മുമ്ബൊരു ഭരണത്തിന്‍ കീഴിലും ഉണ്ടായിട്ടില്ലെന്നും സാധാരണ ജനങ്ങള്‍ക്ക് കിട്ടേണ്ട പണം വന്‍കിടക്കാര്‍ക്ക് കൊള്ളയടിക്കാനുള്ള അവസരമാണ് മോദി സര്‍ക്കാര്‍ ഒരുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദളിത്-ആദിവാസി സംരക്ഷണ നിയമങ്ങള്‍ ഒരു ഭരണത്തിന്‍ കീഴിലും ഇത്രമേല്‍ ചുട്ടെരിക്കപ്പെട്ടിട്ടില്ലെന്നും സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധിയെ ഹിറ്റ്ലറോട് ഉപമിച്ച്‌ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസ് വക്താവിനെ ചൊടിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *