രാജീവ് വധക്കേസില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെ പരാതി

ചാലക്കുടി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് വധക്കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ പരാതി.
ജസ്റ്റിസ് പി.ഉബൈദിന്റെ ഇടക്കാല ഉത്തരവിനെതിരെയാണ് പരാതി.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് രാജീവിന്റെ അമ്മയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അയച്ചു. ഇടക്കാല ഉത്തരവോടെ കേസ് അന്വേഷണം നിലച്ചെന്നാണ് ആരോപണം. ഉദയഭാനുവിനെതിരായ അന്വേഷണത്തിന് ഉത്തരവ് തടസമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട് തെളിവില്ലാതാക്കാന്‍ സാവകാശം കിട്ടിയെന്നും ആരോപണമുണ്ട്.
രാജീവ് വധക്കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പി. ഉബൈദ് തിങ്കളാഴ്ച പിന്മാറിയിരുന്നു. ജാമ്യാപേക്ഷ മറ്റൊരു ബെഞ്ചാണ് പരിഗണിക്കുക. കേസിലെ ഏഴാം പ്രതിയാണ് ഉദയഭാനു.
കഴിഞ്ഞ ദിവസം ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലുള്ള വീട്ടിലും എറണാകുളം മഹാരാജാസ് ഗ്രൗണ്ടിനു സമീപത്തെ ഓഫീസിലും റെയ്ഡ് നടന്നിരുന്നു.
ചാലക്കുടിയില്‍ നിന്നുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. രാജീവും കേസിലെ പ്രധാന പ്രതി ചക്കര ജോണിയും ഉള്‍പ്പെട്ട റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖ കണ്ടെടുക്കുന്നതിനായിരുന്നു പരിശോധന.
മുന്‍കൂര്‍ നോട്ടീസ് നല്‍കി ഉദയഭാനുവിനെ ചോദ്യം ചെയ്യാമെന്ന് പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പ്രതികളും ഉദയഭാനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ പൊലീസ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *