രമ്യ ഹരിദാസ് എം പി ക്കെതിരെ വധഭീഷണി മുഴക്കിയ സി പി എം പ്രവർത്തകർക്കെതിരെ കേസ്

പാലക്കാട്: കോണ്‍​ഗ്രസ് എം പി രമ്യാ ഹരിദാസിനെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആലത്തൂര്‍ പഞ്ചായത്ത് മുന്‍ അധ്യക്ഷനും പഞ്ചായത്ത് അംഗത്തിനുമെതിരെയാണ് പൊലീസ് കേസെടുത്തത്. ഓഫീസിലേക്ക് പോകുകയായിരുന്ന എംപിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയാണ് മുന്‍ അധ്യക്ഷനും സിപിഎം നേതാവുമായ എം എ നാസറും പഞ്ചായത്ത് അംഗം നജീബും ഭീഷണിപ്പെടുത്തിയത്.

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു സംഭവം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ഹരിതകര്‍മ സേനാംഗങ്ങളോട് അവരുടെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തെക്കുറിച്ച്‌ അന്വേഷിച്ചു മ‌ങ്ങുകയായിരുന്നു രമ്യ.

കാറില്‍ കയറാന്‍ തുടങ്ങിയ എംപിയെ നോക്കി ‘പട്ടി ഷോ നിര്‍ത്താറായില്ലേ’ എന്നു ചോദിച്ച്‌ നജീബ് പരിഹസിച്ചെന്ന് പരാതിയില്‍ പറയുന്നു. ഈ സമയം ഇവിടേക്കെത്തിയ നാസര്‍ ‘ഇനി ഇവിടെ കാലു കുത്തിയാല്‍ കയ്യും കാലും വെട്ടുമെന്ന്’ എംപിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്നു നടപടി ആവശ്യപ്പെട്ട് എംപി റോഡില്‍ കുത്തിയിരുന്നു.

സഞ്ചാര സ്വാതന്ത്ര്യവും പ്രവര്‍ത്തനവും തടസ്സപ്പെടുത്തുകയും പൊതുജനമധ്യത്തില്‍ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് രമ്യാ ഹരിദാസിന്റെ പരാതി. അതേസമയം വധഭീഷണി മുഴക്കിയെന്ന ആരോപണം നാസറും മജീബും നിഷേധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *