രണ്ട് ദിവസത്തിനിടെ മരിച്ചത് 6 പേർ; സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് റേഷൻ വ്യാപാരികളുടെ സമരം ആരംഭിച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികളുടെ സമരം ആരംഭിച്ചു. ഭരണകക്ഷി അനുകൂലികളായ സംഘടനകൾ ഒഴികെ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ടിരിക്കുയാണ്. സംസ്ഥാനത്ത് റേഷൻ കട ഉടമകളും ജീവനക്കാരും അടക്കം 28 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉൾപ്പെടെ ഉന്നയിച്ച് വ്യാപാരികൾ പ്രതിഷേധിക്കുന്നത്.

സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ ആറു റേഷൻ കട ഉടമകളും ജീവനക്കാരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരിച്ച റേഷൻ കട ജീവനക്കാരുടെ എണ്ണം ഇരുപത്തിയെട്ടായി. 1000തോളം പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സുരക്ഷാമാർഗ്ഗങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് റേഷൻ ഡീലേഴ്സ് സംയുക്ത സമിതി രംഗത്തെത്തിയത്. റേഷൻ വ്യാപാരികളെ മുന്നണിപ്പോരാളികളായി അംഗീകരിച്ച് അർഹമായ നഷ്ടപരിഹാരവും എല്ലാ വ്യാപാരികൾക്കും വാക്സിനേഷനും നൽകണമെന്നാണ് പ്രധാന ആവശ്യം.

റേഷൻ കട ഉടമകൾക്കും ജീവനക്കാർക്കും ആരോഗ്യ ഇൻഷുറൻസും ഉറപ്പാക്കണമെന്ന് റേഷൻ ഡീലേഴ്സ് സംയുക്ത സമിതി ആവശ്യപ്പെടുന്നു. ഒരു ദിവസം 100- 150 ആളുകളാണ് റേഷൻ കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നത്. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നത് കൊവിഡ് വ്യാപന സാധ്യത വർധിപ്പിക്കുന്നു എന്നും അവർ പറയുന്നു. ഭരണകക്ഷി അനുകൂലികളായ സംഘടനകൾ സമരത്തിൽ പങ്കെടുക്കുന്നില്ല. റേഷൻ കടകൾ അടച്ചിട്ടത് ഉപഭോക്താക്കൾക്കും തിരിച്ചടിയായി. റേഷൻ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നാണ് വ്യാപാരികളുടെ നിലപാട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *