‘രക്തം കട്ടപിടിക്കുന്ന തണുപ്പാണ്, ഡല്‍ഹി മുതല്‍ തിരുവനന്തപുരം വരെ അണിനിരക്കാനുള്ള ട്രാക്ടറുകളുണ്ട്’; തകര്‍ക്കാന്‍ കഴിയില്ലെന്ന് കെകെ രാഗേഷ്

വിവാദ കാര്‍ഷിക നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന ട്രാക്ടര്‍റാലി സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമാണെന്ന് കെകെ രാഗേഷ് എംപി. രക്തം കട്ടപിടിക്കാനുള്ള തണുപ്പിലാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ കരി നിയമം പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും രാഗേഷ് പറഞ്ഞു. സംഘര്‍ഷം ഉണ്ടാക്കി സമരത്തെ അട്ടിമറിക്കുകയെന്നത് കേന്ദ്രസര്‍ക്കാരിന്റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.

‘കര്‍ഷകര്‍ മുന്‍കൈ എടുത്ത് ഒരുസ്ഥലത്തും സംഘര്‍ഷം ഉണ്ടാവില്ല. സംഘര്‍ഷം ഉണ്ടാക്കി സമരത്തെ അടിച്ചമര്‍ത്തുകയെന്നത് കേന്ദ്രത്തിന്റെ അജണ്ടയാണ്. ഞങ്ങള്‍ നേരത്തെ തന്നെ സംയുക്ത യോഗങ്ങളില്‍ പറഞ്ഞത് സമാധാനത്തോടെ സഹനത്തോടെ സമരം നടത്തുമെന്നാണ്. കഴിഞ്ഞ 60 ദിവസം സമാധാനമായി സമരം ചെയ്യുകയാണ്. രക്തം കട്ടപിടിക്കുന്ന തണുപ്പിനെ അതിജീവിച്ചാണ് സമരം ചെയ്യുന്നത്. റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ ഞങ്ങള്‍ക്കും അനുമതിയുണ്ട്. അതിനെ തടഞ്ഞാല്‍ ഏത് ബാരിക്കേഡും തകര്‍ക്കുമെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഏത് ബാരിക്കേഡായാലും അത് നീക്കി സമരം ചെയ്യും. ഇന്ന് മുഴുവന്‍ ട്രാക്ടര്‍ റാലി നടന്നാലും തീരാത്ത പരേഡാണ്. ലക്ഷകണക്കിന് കര്‍ഷകരാണ് അണിനിരക്കുന്നത്. രാജ്യത്താകെ കോടിക്കണക്കിന് മനുഷ്യര്‍ അണിനിരക്കുന്ന സമരമായി മാറി. നരേന്ദ്രമോദി സര്‍ക്കാര്‍ എത്രതന്നെ ശ്രമിച്ചാലും സമരത്തെ തകര്‍ക്കാന്‍ കഴിയില്ല. കരിനിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ദില്ലി മുഴുവന്‍ വലയം വെക്കാന്‍ കഴിയുന്ന രീതിയിലാണ് പരേഡ്. എന്നാല്‍ ദില്ലി മുതല്‍ തിരുവനന്തപുരം വരെ അണിനിരക്കാന്‍ കഴിയുന്ന അത്രയും ട്രാക്ടറുകള്‍ ഇവിടെ അണി നിരന്നത്. കര്‍ഷകര്‍ സ്വയം സന്നദ്ധരായി വരികയാണ്.’ കെകെ രാഗേഷ് പറഞ്ഞു.

കാര്‍ഷിക നിയമത്തിനെതിരെ ഇതിനകം ആയിരക്കണക്കിന് കര്‍ഷകരാണ് ദില്ലിയില്‍ അണിനിരക്കുന്നത്.
റിപബ്ലിക് ഡേ പരേഡിന് ശേഷം പ്രതിഷേധം സംഘടിപ്പിക്കാനാണ് കര്‍ഷകര്‍ക്ക് പൊലീസ് അനുമതി നല്‍കിയിരുന്നത്. ഇത് ലംഘിച്ചാണ് കര്‍ഷകര്‍ വമ്ബിച്ച പ്രതിഷേധ റാലി സംഘടിപ്പിച്ചിരിക്കുന്നത്. 12 മണിക്ക് ട്രാക്ടര്‍ റാലി നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും എട്ടുമണിയോടെ കര്‍ഷകര്‍ സംഘമായി എത്തുകയായിരുന്നു. സിംഘു, തിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. കര്‍ഷകര്‍ പ്രതിഷേധവുമായി എത്തുന്നതിന്റെ വീഡിയോകളും ദൃശ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *