യു.പി: ഒന്നാം ഘട്ട പ്രചാരണം ഇന്ന് അവസാനിക്കും


ആരോപണ പ്രത്യാരോപണങ്ങള്‍കൊണ്ടും ചടുല രാഷ്ട്രീയ നീക്കങ്ങള്‍കൊണ്ടും ശ്രദ്ധേയമായ ഉത്തര്‍ പ്രദേശില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 11ന് നടക്കും. ദിവസങ്ങളായി രാഷ്ട്രീയ ഉഷ്ണമാപിനിയില്‍ വെന്തുരുകിയ 15 ജില്ലകളിലായുള്ള 73 മണ്ഡലങ്ങളില്‍ ഇന്ന് പ്രചാരണം അവസാനിക്കും. ന്യൂനപക്ഷങ്ങള്‍ക്കു നേരെ അക്രമം നടന്ന മുസഫര്‍ നഗര്‍, ഷാമ്‌ലി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളാണ് 11ന് ജനവിധി തേടുന്നത്.
2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 ജില്ലകളിലായി നടന്ന 73 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ ബി.ജെ.പി ജയിച്ചിരുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി അവരുടെ നില കൂടുതല്‍ മെച്ചപ്പെടുത്താന്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്കായി.
ഈ രണ്ട് തെരഞ്ഞെടുപ്പിലുള്ളതിനേക്കാള്‍ കൂടുതല്‍ ജനസ്വാധീനം വര്‍ധിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന അവകാശവാദമാണ് ഉത്തര്‍പ്രദേശില്‍ അവര്‍ ഉയര്‍ത്തുന്നതെങ്കിലും വര്‍ഗീയ കലാപത്തില്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുപോയ അവര്‍ക്ക് ഈ തെരഞ്ഞെടുപ്പ് യഥാര്‍ഥത്തില്‍ അഗ്നി പരീക്ഷയാണ്. കുങ്കുമ ബ്രിഗേഡുകളെ അണിയിച്ചൊരുക്കി മോദിയുടെ അകമ്പടിയോടെ രംഗത്തിറക്കുമ്പോള്‍ അത് എത്രമാത്രം ഫലപ്രദമാകുമെന്നാണ് ബി.ജെ.പിയിലെ മോദി-അമിത്ഷാ വിരുദ്ധ കൂട്ടുകെട്ട് ഉറ്റുനോക്കുന്നത്.
അഖിലേഷ് ചൂണ്ടിക്കാട്ടിയതുപോലെ മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പുറത്താക്കി രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉത്തര്‍പ്രദേശില്‍ അലയടിക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അഖിലേഷും രാഹുലും ശക്തമായ രീതിയിലാണ് യു.പിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പിയെ കടന്നാക്രമിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ വിമര്‍ശനത്തിനപ്പുറം വ്യക്തികളെ തേജോവധം ചെയ്യുന്ന തരത്തിലാണ് ബി.ജെ.പി നേതാക്കള്‍ ആരോപണം ഉന്നയിക്കുന്നത്. ഇത് പാര്‍ട്ടിക്ക് വലിയ തിരിച്ചയിടുണ്ടായേക്കുമെന്ന ആശങ്കയുണ്ടെങ്കിലും ആരോപണമുയര്‍ത്തുന്ന കാര്യത്തില്‍ സംസ്ഥാന നേതാക്കള്‍ ഇതുവരെ പിന്നോക്കം പോയിട്ടില്ല.
പ്രചാരണത്തിലങ്ങോളമിങ്ങോളം നോട്ട് നിരോധനം തന്നെയായിരുന്നു വിഷയം. രാജ്യത്തെ പാവങ്ങളെ ദ്രോഹിക്കുന്നതിനുവേണ്ടി മാത്രമാണ് മോദി ഉയര്‍ന്ന മൂല്യമുള്ള നോട്ട് നിരോധിച്ചതിതെന്ന വിമര്‍ശനംതന്നെയായിരുന്നു എസ്.പിയും കോണ്‍ഗ്രസും മുന്നോട്ടുവച്ച പ്രചാരണ വിഷയം.
പശ്ചിമ യു.പിയില്‍ കരിമ്പ് കര്‍ഷകരേയും മറ്റും സ്വാധീനിക്കാന്‍ വന്‍വാഗ്ദാനങ്ങളുടെ കാര്‍ഡിറക്കിയാണ് മോദി പ്രചാരണം നടത്തിയത്. ഇവിടെ ജാട്ട് സമുദായങ്ങളുടെ സ്വാധീനതയും ശക്തമാണ്. എന്നാല്‍ അജിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് ദളിന്റെ സ്വാധീനം തകര്‍ക്കാന്‍ മോദിയിലൂടെ ബി.ജെ.പിക്ക് കഴിയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേസമയം മുസ്‌ലിം സ്വാധീനമേഖലയില്‍ ശക്തമായ സാന്നിധ്യമാകാനുള്ള മുന്നൊരുക്കം നേരത്തെതന്നെ മായാവതി സ്വീകരിച്ചിരുന്നു. ഇതിനായി 93 മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് അവര്‍ ബി.എസ്.പിയുടെ ആനചിഹ്നത്തില്‍ മത്സരിപ്പിക്കുന്നത്.




Sharing is Caring