കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ യുഡിഎഫ് നേതൃയോഗത്തില്‍ നിന്ന് കെഎം മാണി വിട്ടു നിന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ ആരും തന്നെ എത്തിയില്ല. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം പരസ്യ നിലപാട് എടുത്തതാണ് കേരള കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. തന്നെ മുന്നണിയില്‍ തളച്ചിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ബാര്‍ കോഴ കേസെന്ന് ചൂണ്ടികാട്ടി കെഎം മാണി പരസ്യമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി യൂത്ത് ഫ്രണ്ട് ഹൈക്കമാന്റിന് പരാതിയും നല്‍കിയിരുന്നു.ബാര്‍ കോഴ ഗൂഡാലോചനയില്‍ കേരള കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവിനെയും ഉമ്മന്‍ചാണ്ടിയെയും ആവര്‍ത്തിച്ച് വിമര്‍ശിച്ച് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് യൂഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നത്.













