യുവ ഗായകന്‍ ഷാനവാസ് ഗാനമേള വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു


തിരുവനന്തപുരം: ഗാനമേളയില്‍ പാട്ട് പാടുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീണ ഗായകന്‍ മരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് ശാര്‍ക്കരയിലെ ഗാനമേള വേദിയില്‍ കുഴഞ്ഞുവീണ യുവ ഗായകന്‍ ഷാനവാസാണ് ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്.ഗാനമേളയ്ക്കിടെ വേദിയില്‍ കുഴഞ്ഞുവീണ ഷാനവാസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ഷാനവാസിന്റെ ആരോഗ്യനില ചൊവ്വാഴ്ച പുലര്‍ച്ചെയോടെ വഷളാകുകയും രാവിലെ അഞ്ചോടുകൂടി മരണം സംഭവിച്ചു.


കേരളത്തിലെ ഗാനമേള വേദികളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു തിരുവനന്തപുരം സ്വദേശിയായ യുവ ഗായകന്‍ ഷാനവാസ്. ഇമ്ബമേറിയ ഗാനങ്ങള്‍ പാടി ഗാനമേള വേദികളില്‍ തരംഗം സൃഷ്ടിച്ചിരുന്ന ഷാനവാസ് അടിപൊളി പാട്ടുകളിലൂടെയാണ് ആസ്വാദക മനസില്‍ ഇടംനേടിയത്. പാറശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള നിരവധി വേദികളില്‍ ഷാനവാസ് പാടിയിട്ടുണ്ട്. ഗായികയോടൊപ്പം പാട്ട് പാടുന്നതിനിടെ കുഴഞ്ഞുവീണ ഷാനവാസ് വേദിയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു.പാട്ട് പാടി ഗാനമേള മുന്നേറുന്നതിനിടെയാണ് ഷാനവാസ് വേദിയില്‍ കുഴഞ്ഞുവീണത്. കണ്ടുനിന്നവര്‍ക്കൊന്നും എന്താണ് സംഭവിച്ചതെന്ന് ആദ്യം പിടികിട്ടിയില്ല. ഇതിനിടെ വേദിയുടെ മുന്‍വശത്തുണ്ടായിരുന്നവരും സംഘാടകരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഷാനവാസിനെ എഴുന്നേല്‍പ്പിച്ചെങ്കിലും അദ്ദേഹത്തിന് ബോധമില്ലായിരുന്നു. തുടര്‍ന്ന് ഉടന്‍തന്നെ ഷാനവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ഷാനവാസിനെ കഴിഞ്ഞദിവസം അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു.


ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നായിരുന്നു ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതിനിടെയാണ് മരണം സംഭവിച്ചത്. യുവ ഗായകന്റെ മരണത്തോടെ ഭാര്യയും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം അനാഥമായ സ്ഥിതിയാണുള്ളത്. ഷാനവാസിന് ഗാനമേളകളില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം മുന്നോട്ടു പോയിരുന്നത്.



Sharing is Caring