യുവേഫ ചാമ്പ്യന്‍സ് ലീഗ്; വമ്പന്മാര്‍ക്ക് ജയത്തുടക്കം

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യഘട്ട ഗ്രൂപ്പ് മത്സരത്തില്‍ ബാഴ്‌സലോണ, പിഎസ്ജി, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബയേണ്‍ മ്യൂണിക്ക്, സിഎസ്‌കെഎ മോസ്‌കോ, സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ടീമുകള്‍ക്ക് മികച്ച വിജയം. അതേസമയം മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് എവേ മത്സരത്തില്‍ സീരി എ ടീം റോമയോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

ബാഴ്‌സലോണ യുവന്റസിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്‌സി ബാസലിനെയും ചെല്‍സി എഫ്‌സി ക്വാറബാഗിനെയും ബയേണ്‍ ആന്‍ഡര്‍ലെക്റ്റിനെയും പിഎസ്ജി സെല്‍റ്റിക്കിനെയും സിഎസ്‌കെഎ മോസ്‌കോ ബെനഫിക്കയെയും സ്‌പോര്‍ട്ടിങ് ഒളിമ്പിയാക്കോസിനെയുമാണ് തകര്‍ത്തത്.

മെസ്സി മാജിക്കില്‍ ബാഴ്‌സ
ബാഴ്‌സലോണക്ക് ജയിക്കാന്‍ നെയ്മര്‍ വേണ്ടെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. പുത്തന്‍ ആക്രമണ ത്രയമായ മെസ്സി, സുവാരസ്, ഡെംബലെ സഖ്യത്തെ പിടിച്ചു കെട്ടാന്‍ പലപ്പോഴും പേരുകേട്ട ഇറ്റാലിയന്‍ പ്രതിരോധത്തിനായില്ല. ഇന്നലെ പുലര്‍ച്ച സമാപിച്ച ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ സൂപ്പര്‍ ക്ലാസ്സിക്ക് പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ നിലവിലെ റണ്ണറപ്പുകളായ യുവന്റസിനെ തകര്‍ത്തത്.

കഴിഞ്ഞ സീസണ്‍ സെമിയില്‍ യുവന്റസിനോടേറ്റ തോല്‍വിയോടെ പുറത്തുപോകേണ്ടിവന്ന ബാഴ്‌സക്ക് മധുരപ്രതികാരവുമായി ഈ വിജയം. സൂപ്പര്‍താരം മെസ്സി മാജിക്കാണ് ബാഴ്‌സക്ക് പ്രതിരോധക്കോട്ടകെട്ടി ഇറങ്ങിയ യുവന്റസിനെതിരെ മിന്നുന്ന വിജയം സമ്മാനിച്ചത്. രണ്ട് ഗോളുകളാണ് മെസ്സിയുടെ ബൂട്ടില്‍ നിന്ന് പിറന്നത്. പന്തടക്കത്തില്‍ ബാഴ്‌സയായിരുന്നു മുന്നിലെങ്കിലും ഷോട്ടുകള്‍ പായിക്കുന്നതില്‍ എതിരാളികള്‍ മുന്നിട്ടുനിന്നു. ബാഴ്‌സ കളിയിലുടനീളം 9 ഷോട്ടുകള്‍ മാത്രം പായിച്ചപ്പോള്‍ യുവന്റസ് ഉതിര്‍ത്തത് 13 എണ്ണം. എന്നാല്‍ ബാഴ്‌സഗോളിയുടെ മിന്നുന്ന പ്രകടനം അവരെ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെടുത്തി.

ഒമ്പതാം മിനിറ്റില്‍ പൗലോ ഡൈബാലയുടെ ഷോട്ട് ബാഴ്‌സ ഗോളി രക്ഷപ്പെടുത്തുന്നതുകണ്ടാണ് കളിക്ക് ചൂടുപിടിച്ചത്. 12-ാം മിനിറ്റില്‍ മിറാലെം പാനിക്കിന്റെ ഷോട്ടിനും ബാഴ്‌സ ഗോളിയെ മറികടക്കാനായില്ല. 20-ാം മിനിറ്റില്‍ ബാഴ്‌സക്ക് അവസരം. എന്നാല്‍ സുവാരസിന്റെ ഷോട്ടിന് യുവന്റസ് ഗോളി ബഫണിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. 28-ാം മിനിറ്റില്‍ യുവന്റസ് താരം ഗൊണ്‍സാലൊ ഹിഗ്വയിന്റെ ഷോട്ടും ബാഴ്‌സ ഗോളി രക്ഷപ്പെടുത്തി. എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് ബാഴ്‌സ ആരാധകരെ ആവേശത്തിലാറാടിച്ച് മെസ്സി ഗോള്‍ നേടി. സുവാരസിന്റെ പാസ് സ്വീകരിച്ച് ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് സ്ഥാനം തെറ്റിനില്‍ക്കുകയായിരുന്ന ബഫണിനെ കീഴ്‌പ്പെടുത്തി വലയില്‍ കയറി.

ഇതോടെ ആദ്യപകുതിയില്‍ കറ്റാലന്‍ പട 1-0ന്റെ ലീഡ് സ്വന്തമാക്കി. പിന്നീട് 56-ാം മിനിറ്റില്‍ ബാഴ്‌സ ലീഡ് ഉയര്‍ത്തി. വലതുവിംഗില്‍ക്കൂടി എതിര്‍ താരങ്ങളെ വെട്ടിച്ച് മുന്നേറി ബോക്‌സില്‍ പ്രവേശിച്ചശേഷം മെസ്സി നല്‍കിയ ക്രോസ് യുവ് പ്രതിരോധനിര താരം ക്ലിയര്‍ ചെയ്തത് കിട്ടിയത് ഇവാന്‍ റാക്കിട്ടിച്ചിന്റെ കാലുകളില്‍. പന്ത് കിട്ടിയ ഉടനെ റാക്കിട്ടിച്ച് പായിച്ച ഷോട്ടിന് മുന്നില്‍ ബഫണിന് പിഴച്ചു. അഞ്ച് മിനിറ്റിനുശേഷം മെസ്സിയുടെ മറ്റൊരു ഷോട്ട് ബഫണ്‍ രക്ഷപ്പെടുത്തി. 69-ാം മിനിറ്റില്‍ മെസ്സി തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും സ്വന്തമാക്കി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗ്രീക്ക് ക്ലബ് ഒളിമ്പിയാക്കോസിനെ പരാജയപ്പെടുത്തി.

അഞ്ചടിച്ച് പിഎസ്ജി
ഫ്രഞ്ച് ലീഗില്‍ പരാജയമറിയാതെ മുന്നേറുന്ന പിഎസ്ജി തകര്‍പ്പന്‍ വിജയമാണ് നേടിയത്. ഗ്രൂപ്പ് ബിയില്‍ നടന്ന കളിയില്‍ സെല്‍റ്റിക്കിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു നെയ്മറും സംഘവും തകര്‍ത്തുവിട്ടത്. സ്വന്തം ഗ്രൗണ്ടില്‍ സെല്‍റ്റിക്കിന്റെ ഏറ്റവും വലിയ തോല്‍വിയാണിത്. നെയ്മര്‍-എഡിസണ്‍ കവാനി-എംബാപ്പെ സംഖ്യം മിന്നിത്തിളങ്ങിയപ്പോള്‍ കാഴ്ചക്കാരാവാനേ സെല്‍റ്റിക്ക് നിരക്കായുളളൂ. പിഎസ്ജിക്കായി നെയ്മര്‍, എംബാപ്പെ, എന്നിവര്‍ ഓരോ ഗോള്‍ നേടിയപ്പോള്‍ കവാനി രണ്ട് തവണ ലക്ഷ്യം കണ്ടു. ഒരെണ്ണം സെല്‍ഫ് ഗോളായിരുന്നു.

19-ാം മിനിറ്റില്‍ നെയ്മറായിരുന്നു ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. അതിന് മുമ്പെ കവാനി പന്ത് ലക്ഷ്യത്തിലെത്തിച്ചെങ്കിലും റഫറി ഓഫ്—സൈഡ് വിളിക്കുകയായിരുന്നു. പിന്നീട് 34-ാം മിനിറ്റില്‍ പുതിയതായി ടീമിലെത്തിയ എംബാപ്പെ ലീഡുയര്‍ത്തി. 40-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കവാനിയിലൂടെ ലീഡ് മൂന്നാക്കി വര്‍ധിപ്പിച്ചു. 83-ാം മിനിറ്റില്‍ സ്വന്തം വലയില്‍ പന്തെത്തിച്ച് മിഖായേല്‍ ലെസ്റ്റിഗ് പിഎസ്ജിയുടെ ലീഡ് ഉയര്‍ത്തി. 85-ാം മിനിറ്റില്‍ കവാനി തന്റെ രണ്ടാം ഗോളും ടീമിന്റെ പട്ടികയും തികച്ചു. കളിയില്‍ പിഎസ്ജിക്ക് മുന്നില്‍ സെല്‍റ്റിക്ക് സമ്പൂര്‍ണ്ണ പരാജയമായിരുന്നു. അപൂര്‍വമായി മാത്രമാണ് അവര്‍ക്ക് ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞത്. എന്നാല്‍ അവയ്‌ക്കൊന്നും പിഎസ്ജി ഗോള്‍കീപ്പര്‍ അല്‍ഫോണ്‍സ് അരിയോളയെ കീഴ്‌പ്പെടുത്താനുള്ള കരുത്തുണ്ടായില്ല.

നെയ്മര്‍-കവാനി-എംബാപ്പെ സഖ്യത്തിന്റെ ഫോം ആണ് പിഎസ്ജി ആരാധകരെ സന്തോഷിപ്പിക്കുന്നത്. മറ്റൊരു മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ആന്‍ഡെര്‍ലെക്റ്റിനെ തകര്‍ത്തത്. മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന പോരാട്ടത്തില്‍ 12-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റോബര്‍ട്ടോ ലെവന്‍ഡോവസ്‌കി, 65-ാം മിനിറ്റില്‍ തിയാഗോ അല്‍കാന്‍ട്ര, 90-ാം മിനിറ്റില്‍ കിമ്മിച്ച് എന്നിവര്‍ ബയേണിനായി ലക്ഷ്യം കണ്ടു. കളിയുടെ 11-ാം മിനിറ്റില്‍ ആന്‍ഡര്‍ലെക്റ്റിന്റെ സ്വെന്‍ കുംസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നതും അവര്‍ക്ക് തിരിച്ചടിയായി.

ബാസലിനെ തകര്‍ത്ത് യുണൈറ്റഡ്
ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വിസ് ക്ലബ് എഫ്‌സി ബാസലിനെ തകര്‍ത്തത്. ഗ്രൂപ്പ് എയില്‍ നടന്ന കളിയില്‍ പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും എതിരാളികളേക്കാള്‍ ഏറെ മുന്നിട്ടുനിന്ന യുണൈറ്റിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ബാസലിന് കഴിഞ്ഞില്ല. കളിയുടെ 34 മിനിറ്റ് വരെ അവരെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുനിര്‍ത്തിയെന്നു മാത്രം. എന്നാല്‍ 35-ാം മിനിറ്റില്‍ മൗറോ ഫെല്ലാനിയിലൂടെ യുണൈറ്റഡ് പ്രതിരോധക്കോട്ട പൊളിച്ച് ആദ്യ ഗോള്‍ നേടി. പിന്നീട് 53-ാം മിനിറ്റില്‍ റുമേലു ലുകാകു, 85-ാം മിനിറ്റില്‍ മാര്‍ക്കസ് റഷ്‌ഫോര്‍ഡ് എന്നിവരും ലക്ഷ്യം കണ്ടതോടെ യുണൈറ്റഡിന്റെ ഗോള്‍ പട്ടിക പൂര്‍ണ്ണം.
മറ്റൊരു മത്സരത്തില്‍ സിഎസ്‌കെഎ മോസ്‌കോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ക്ലബ് ബെനഫിക്കയെ കീഴടക്കിയത്.

‘ആറാടി’ ചെല്‍സി
ഗ്രൂപ്പ് സിയില്‍ അതിഗംഭീര വിജയമാണ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സി നേടിയത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു ചെല്‍സി അസര്‍ബെയ്ജാന്‍ ക്ലബ് ക്വാറബാഗിനെ തകര്‍ത്തത്. അഞ്ചാം മിനിറ്റില്‍ പെഡ്രോയിലൂടെ തുടങ്ങിയ ഗോള്‍വേട്ട 82-ാം മിനിറ്റില്‍ സെല്‍ഫ്‌ഗോളിലൂടെ മെദ്‌വദേവിലൂടെ അവസാനിച്ചു. 30-ാം മിനിറ്റില്‍ ഡേവിഡ് സെപ്പകോസ്റ്റ, 55-ാം മിനിറ്റില്‍ സെസാര്‍ അസ്പിലിക്യൂറ്റ, 71-ാം മിനിറ്റില്‍ ബകായോകോ, 76-ാം മിനിറ്റില്‍ മിച്ചി ബറ്റ്ഷുയി എന്നിവരാണ് ഗോള്‍ നേടിയ മറ്റ് ചെല്‍സിയന്‍ താരങ്ങള്‍. അതേസമയം മറ്റൊരു കളിയില്‍ റോമയെ സമനിലയില്‍ പിടിച്ച് അത്‌ലറ്റികോ മാഡ്രിഡ് വിലപ്പെട്ട ഒരു പോയിന്റ് സ്വന്തമാക്കി. എവേ മത്സരത്തിലായിരുന്നു അത്‌ലറ്റികോയുടെ സമനില.

Spread the love

Leave a Reply

Your email address will not be published. Required fields are marked *