യുവതികള്‍ ക്രൂരമായി മര്‍ദ്ദിച്ച ടാക്‌സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്; പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തം


കൊച്ചിയില്‍ നടുറോഡില്‍ യുവതികള്‍ ആക്രമിച്ച ടാക്‌സി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീകളെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് മര്‍ദ്ദനമേറ്റ ഷഫീക്കിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അതേസമയം ഷഫീക്കിനെ ആക്രമിച്ച സ്ത്രീകള്‍ക്കെതിരെ ജാമ്യമില്ലാ കേസെടുക്കണമെന്ന ആവശ്യം പൊലീസ് തള്ളിക്കളഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമ്പളം സ്വദേശി താനത്ത് വീട്ടില്‍ ഷെഫീക്കിനെ കണ്ണൂര്‍ സ്വദേശിനികളായ രണ്ട് യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഷെയര്‍ ടാക്‌സിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്. കരിങ്കല്ലുകൊണ്ട് തലയ്ക്കടി കിട്ടിയ ഷെഫീക്കിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതികളെ പൊലീസെത്തി മരട് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും യുവതികളെ മരട് പൊലീസ്, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. യുവതികള്‍ കാറിന് സമീപത്ത് വെച്ച് ഷെഫീക്കിനെ മര്‍ദ്ദിക്കുന്നതും മര്‍ദ്ദനമേറ്റ ഷെഫീക്കിനെ നാട്ടുകാരില്‍ ചിലര്‍ പിടിച്ച് മാറ്റിയിട്ടും യുവതികള്‍ അയാളുടെ മുഖത്തടിയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാര്യമായ പ്രകോപനമൊന്നുമില്ലാതെയാണ് യുവതികള്‍ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് സംഭവത്തിന്റെ പ്രധാന ദൃസാക്ഷി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് നഗരത്തിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍.




Sharing is Caring