യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് ഇരിക്കൂറില്‍ 70 സജീവപ്രവര്‍ത്തകര്‍ സിപിഐ എമ്മിലേക്ക്

യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് ഇരിക്കൂറില്‍ 70 സജീവപ്രവര്‍ത്തകര്‍ സിപിഐ എമ്മിലേക്ക് .മുസ്ലീംലീഗിന്റെ കോട്ടയായ ഇരിക്കൂറിലെ ലീഗും യുഡിഎഫും തകരുകയാണ്. മുസ്ലീംലീഗിന്റെയും കോണ്‍ഗ്രസിന്റെയും എസ്ഡിപിഐയുടെയും ഭാരവാഹികളും സജീവപ്രവര്‍ത്തകരുമാണ് നേരിന്റെ ചെങ്കൊടിയേന്തി ഹൃദയപക്ഷത്തേക്ക് വന്നത്

സിപിഐ എം ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി മാമാനത്തുനിന്നും ആരംഭിച്ച പ്രകടനത്തില്‍ ചുവപ്പുമുണ്ടുടുത്ത് അണിചേര്‍ന്നവര്‍ ഇരിക്കൂറിന്റെ തെരുവീഥികളെ ചെങ്കടലാക്കി. ഇരിക്കൂര്‍ ഇതുവരെ കാണാത്ത ജനാവലിയാണ് പ്രകടനത്തില്‍ അണിചേര്‍ന്നത്. അഭിവാദ്യവുമായി ഐഎന്‍എല്‍ പ്രവര്‍ത്തകരും നാട്ടുകാരും പാതയോരത്ത് തിങ്ങിനിറഞ്ഞു.

ബസ്‌സ്റ്റാന്റില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വച്ച് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ ചുവപ്പുഹാരമണിയിച്ച് സ്വീകരിച്ചു. ആദ്യം മുപ്പത് പേരാണ് സന്നദ്ധരായി പേരുനല്‍കിയതെങ്കിലും ചടങ്ങുതുടങ്ങിയതോടെ അത് എഴുപത് പേരായി. ആവേശം അലതല്ലിയ അന്തരീക്ഷത്തില്‍ ഇന്നലെ വരെ ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായവര്‍ പോലും ചെങ്കൊടിയേന്താനെത്തി.

ഇരിക്കൂര്‍ ടൗണ്‍, കോളോട്, കമാലിയ സ്‌കൂള്‍ പരിസരം, സിദ്ദിഖ്‌നഗര്‍, വയക്കാങ്കോട്, പയശായി, ചെറുവണ്ണി, കുട്ടാവ്, പട്ടീല്‍ എന്നിവിടങ്ങളില്‍ നിന്നാണ് സിപിഐ എമ്മിലേക്ക് ചേരാന്‍ ആളെത്തിയത്. യുഡിഎഫിന്റെ വഞ്ചനപരമായ രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഷേധിച്ചും വര്‍ഗീയതയെ ചെറുക്കാന്‍ സിപിഐ എം മാത്രമാണുള്ളതെന്ന തിരിച്ചറിവുമാണ് ഇവരെ സിപിഐ എമ്മിലേക്കെത്തിച്ചത്.

ലോക്കല്‍ സെക്രട്ടറി എം ബാബുരാജ് അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റംഗം വത്സന്‍പനോളി, എം സി രാഘവന്‍, ഒ വി ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു. സി രാജീവന്‍ സ്വാഗതം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *