മോഹന്‍ലാല്‍ ആന്ധ്ര സര്‍ക്കാരിന്റെ മികച്ച സഹനടന്‍

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്കാരമായ നാന്ദി അവാര്‍ഡ്. മികച്ച സഹനടനായാണ് ലാലിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ തവണത്തെ നാന്ദി ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴാണ് മോഹന്‍ലാല്‍ മികച്ച സഹനടനായത്. കോര്‍ത്തല ശിവ സംവിധാനം ചെയ്ത ‘ജനത ഗ്യാരേജിലെ’ അഭിനയത്തിനാണ് പുരസ്കാരം.

ആന്ധ്ര സര്‍ക്കാരിന്റെ നാന്ദി അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാള നടന്‍ എന്ന ബഹുമതിയും ഇതോടെ ലാലിന് സ്വന്തമായി. തെലുങ്കില്‍ വന്‍ സാമ്ബത്തിക വിജയം നേടിയ ജനതാ ഗ്യാരേജില്‍ സത്യ എന്ന ശക്തമായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ നായകന്‍ ജൂനിയര്‍ എന്‍.ടി.ആറിനാണ് മികച്ച നടനുള്ള അവാര്‍ഡ്. റിതു വര്‍മ മികച്ച നടിയായി.

കഴിഞ്ഞ വര്‍ഷം രണ്ട് തെലുങ്ക് ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ചന്ദ്രശേഖര്‍ യെലെട്ടിയുടെ ‘മനമാന്ത’യില്‍ (മലയാളത്തില്‍ ‘വിസ്മയം’) മോഹന്‍ലാലായിരുന്നു നായകന്‍.

മൂന്നര വര്‍ഷത്തെ നാന്ദി അവാര്‍ഡുകള്‍ ഒന്നിച്ചാണ് പ്രഖ്യാപിച്ചത്. 2015ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ‘ബാഹുബലി’ സ്വന്തമാക്കി. രാജമൗലിയാണ് മികച്ച സംവിധായകന്‍. അനുഷ്ക ഷെട്ടി മികച്ച നടിയും റാണ ദഗുപതി മികച്ച വില്ലനും രമ്യ കൃഷ്ണന്‍ മികച്ച സഹനടിയുമായി. കമലഹാസന്‍, കെ.രാഘവേന്ദ്ര റാവു, രജനികാന്ത് എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള എ.ടി.ആര്‍. ദേശീയ പുരസ്കാരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *