മോഷണം ആരോപിച്ച്‌ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം; മൂന്നു പേര്‍ കസ്റ്റഡിയില്‍

അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. പ്രദേശത്തെ ഡ്രൈവര്‍മാരാണ് ചെയ്തതെന്നും മാതാവ് മല്ലി ആരോപിച്ചു. പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തുമെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച്‌ നാട്ടുകാര്‍ മര്‍ദ്ദിച്ചത്.

യുവാവിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമാര്‍ട്ടം നടത്തും. മുക്കാലി പ്രദേശത്തു മോഷണം നടത്തിയെന്നാരോപിച്ചു നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച ആദിവാസി യുവാവ് കടുകുമണ്ണ സ്വദേശി മധു(27) അഗളി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരിച്ചത്. കടകള്‍ കുത്തിത്തുറന്ന് ഇയാള്‍ സാധനങ്ങള്‍ മോഷ്ടിക്കാറുണ്ടെന്നാണു പ്രദേശവാസികളുടെ ആരോപണം. ഇയാളുടെ താമസസ്ഥലമായ മല്ലീശ്വരന്‍ മുടിയുടെ താഴ്ഭാഗത്തുനിന്നാണ് നാട്ടുകാര്‍ പിടികൂടിയതെന്നു പറയപ്പെടുന്നു. മധുവിനെ പ്രദേശവാസികള്‍ തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണു പോലീസ് മധുവിനെ മുക്കാലിയില്‍നിന്നു കസ്റ്റഡിയിലെടുത്തത്.

ഇയാളെ നാട്ടുകാര്‍ പിടികൂടുന്നതിന്റെയും ബാഗുകളും മറ്റും പരിശോധിക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇയാള്‍ ഉടുത്തിരുന്ന കൈലിമുണ്ട് ഉരിഞ്ഞ് കൈള്‍ കൂട്ടിക്കെട്ടിയ നിലയില്‍ നില്‍ക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. ഇതില്‍ നാട്ടുകാരില്‍ ചിലര്‍ സെല്‍ഫി എടുക്കുന്നതിന്റെയും ചോദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളും ഉണ്ടായിരുന്നു. മര്‍ദ്ദനമേറ്റ നിലയിലാണ് യുവാവ് നില്‍ക്കുന്നത്. ഇതിനിടയില്‍ തല്ലരുതെന്ന് ആരോ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഛര്‍ദ്ദിച്ച്‌ കുഴഞ്ഞുവീണ മധുവിനെ പോലീസ് പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് മൃതദേഹം. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തട്ടുണ്ടെന്നും അന്വേഷണത്തിന് ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി. വീഡിയോയില്‍ കാണുന്ന ആള്‍ക്കാരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *