കള്ളപ്പണം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പിടിയിലായ ഗുജറാത്ത് വ്യവസായി മഹേഷ് ഷായ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമുണ്ടെന്ന് ഗുജറാത്ത് മുന്‍മുഖ്യമന്ത്രി സുരേഷ് മേത്തയുടെ വെളിപ്പെടുത്തല്‍. 13,860 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ മഹേഷ് ഷാ ഇന്നലെയാണ് ചാനലിലെ ഒരു തത്സമയ അഭിമുഖത്തിനിടെ പിടിയിലായത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിക്കെ മോദിക്ക് ലഭിച്ച ഉപഹാരങ്ങള്‍ ലേലത്തില്‍ വെക്കാന്‍ സംവിധാനമൊരുക്കിക്കൊടുത്തിരുന്നത് മഹേഷ് ഷായായിരുന്നു. ഒരിക്കല്‍ ലേലം പൊളിഞ്ഞ സമയത്ത് മഹേഷ് ഷായാണ് സാധനങ്ങള്‍ മുഴുവന്‍ വാങ്ങിയതെന്നും, ചിലവായ തുക മുഴുവന്‍ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നതായും മേത്ത ആരോപിച്ചു. ആ സമയം ബാങ്കിന്റെ ചെയര്മാന് സ്ഥാനത്തുണ്ടായിരുന്നത് അമിത് ഷാ ആയിരുന്നുവെന്നും മേത്ത പറഞ്ഞു.

തന്റെ കൈയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ തന്റേതല്ലെന്നും ഉന്നത രാഷ്ട്രീയക്കാരുടെയും, ബിസിനസ്സുകാരുടേയുമാണെന്ന് മഹേഷ് പറഞ്ഞിരുന്നു. അവരുടെയൊക്കെ പേര് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും മഹേഷ് പറഞ്ഞു. തെറ്റ് അംഗീകരിക്കുന്നുവെന്നും, താന്‍ ഒളിവില്‍ പോയതല്ലെന്നും മഹേഷ് ഷാ കൂട്ടിച്ചേര്‍ത്തു.













