മോദിക്ക് ക്ലീൻ ചിറ്റ് നൽകി ഐടി സെറ്റിൽമെന്‍റ് കമ്മീഷൻ


രാഷ്ട്രീയക്കാര്‍ക്ക് ആര്‍ക്കും സഹാറ ഗ്രൂപ്പ് പണം നല്‍കിയതായി തെളിവില്ലെന്ന് എടി സെറ്റില്‍മെന്റ് കമ്മിഷൻ നിലപാടെടുക്കുന്നതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണം സംബന്ധിച്ച് ആദായനികുതി സെറ്റില്‍മെന്റ് കമ്മിഷന്റെ തീരുമാനം പുറത്തുവന്നതോടെ ഇനി സുപ്രീം കോടതി ഈ മാസം 11നു കൈക്കൊള്ളുന്ന തീരുമാനമേ അറിയാനുള്ളൂ.


പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഹാജരാക്കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ഈ കേസില്‍ കൂടുതല്‍ വാദത്തിനോ നിരീക്ഷണത്തിനോ തയാറാകുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. സഹാറ ഗ്രൂപ്പിനെതിരെ പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കാനോ പിഴ ഈടാക്കാനോ തെളിവില്ല എന്നാണു കമ്മിഷന്‍ പറയുന്നത്. ആദായനികുതി റെയ്ഡിനിടയില്‍ പിടിച്ചെടുത്ത രേഖകളില്‍ നിന്നാണു നേതാക്കള്‍ക്കു പണം നല്‍കിയതായി തിരിച്ചറിഞ്ഞത്.


ഇക്കൂട്ടത്തില്‍ അന്നു ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയുടെ പേരും ഉണ്ടായിരുന്നു. ഇതോടൊപ്പം ബിര്‍ള ഗ്രൂപ്പില്‍ നിന്നും മോദി പണം കൈപ്പറ്റിയിരുന്നു എന്നാണ് ആരോപണം. 14 രാഷ്ട്രീയ കക്ഷികളില്‍പ്പെട്ട നൂറോളം നേതാക്കള്‍ക്കു പണം നല്‍കിയതിന്റെ വിവരങ്ങളാണു സഹാറയില്‍ നിന്നു പിടിച്ചെടുത്തത്.



Sharing is Caring