മോട്ടോർ വാഹന നിയമ ഭേദഗതി; കേന്ദ്രത്തിന്‍റെ പുതിയ നിർദേശം വരുന്നതുവരെ കൂട്ടിയ പിഴ ഈടാക്കില്ലെന്ന് എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ പുതിയ നിർദേശം വരുന്നതുവരെ കൂട്ടിയ പിഴ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നത് വരെ കാത്തിരിക്കുമെന്നും ഭേദഗതിക്കനുസരിച്ച് ഗതാഗത സെക്രട്ടറി റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴ കുറയ്ക്കില്ല. മൊബൈൽ ഉപയോഗിക്കുന്നതിനുള്ള പിഴയിലും കുറവുണ്ടാകില്ല. അടുത്ത തിങ്കളാഴ്ചയ്ക്കകം നിയമ ഭേദഗതി പ്രതീക്ഷിക്കുന്നു. അതുവരെ ബോധവത്കരണം തുടരുമെന്നും എ കെ ശശീന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ കുറയ്ക്കണമെന്ന ആവശ്യവുമായി ബിജെപി ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ രംഗത്ത് വരുന്നത് കേന്ദ്രസർക്കാരിന് തലവേദനയാകുകയാണ്. മഹാരാഷ്ട്രയും ഗോവയും ബീഹാറും പിഴ കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കർണ്ണാടക പിഴ കുറയ്ക്കും. ഗുജറാത്തിന് പിന്നാലെ ഉത്തരാഖണ്ഡും ഇന്നലെ പിഴ തുക കുറച്ചിരുന്നു. ഇതോടെ, സംസ്ഥാനങ്ങൾക്ക് എത്രത്തോളം ഇളവ് നല്കാനാവും എന്നതിൽ കേന്ദ്രം നിയമമന്ത്രാലയത്തിന്‍റെ ഉപദേശം തേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *