മൊബൈല്‍ ഫോണ്‍ സന്ദേശം ഫെഡറല്‍ ബാങ്ക് നിര്‍ത്തിവച്ചു; ആശങ്കയില്‍ ഇടപാടുകാര്‍

എടിഎം തട്ടിപ്പ് വ്യാപകമായിരിക്കെ ഫെഡറല്‍ ബാങ്കില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ മെസേജ് സൌകര്യം നിലച്ചത് ഇടപാടുകാരില്‍ കടുത്ത ആശങ്കയുളവാക്കി. അക്കൌണ്ടില്‍ പണം വരുന്നതും പിന്‍വലിക്കുന്നതും അറിയിക്കുന്ന സന്ദേശമാണിപ്പോള്‍ ഇല്ലാതായത്. സോഫ്റ്റ്‌വെയര്‍ നവീകരണത്തിലെ പ്രശ്നങ്ങളാണിതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നുവെങ്കിലും ഇടപാടുകാരില്‍ ആശങ്കവിട്ടൊഴിയുന്നില്ല.

പുതിയ സോഫ്റ്റ്‌വെയറിന്റെ അപ്ഗ്രഡേഷന്‍ ഇടപാടുകാരെ അറിയിക്കുന്നതിലുണ്ടായ വീഴ്ചയാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയത്. മൊബൈല്‍ ഫോണിലൂടെ തന്നെ പരമാവധി ഇടപാടുകാരെ സന്ദേശം അയച്ച് നവീകരണം അറിയിക്കാമായിരുന്നു. ഐടി കമ്പനി ഇന്‍ഫോസിസിന്റെ ഫിനാക്കിള്‍ എന്ന സോഫ്റ്റ്‌വെയറാണ് ഇന്ത്യയിലെ മിക്ക ബാങ്കുകളും ഉപയോഗിക്കുന്നത്. ഫെഡറല്‍ ബാങ്ക് 2007ല്‍ ആണ് ഈ സോഫ്റ്റ്‌വെയര്‍ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. എന്നാല്‍ സോഫ്റ്റ്‌വെയറിന്റെ നവീകരണം ബാങ്ക് ശാഖകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഇതുമൂലം ജീവനക്കാരും രാത്രിവരെ മിക്ക ശാഖകളിലും ജോലി ചെയ്യേണ്ടവസ്ഥയാണുള്ളത്.

പുതിയ സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷന്‍ ചെയ്യുമ്പോഴുണ്ടാകുന്ന താളപ്പിഴകള്‍ മുന്‍കൂട്ടി ഇടപാടുകാരെ അറിയിക്കാന്‍ അധികൃതര്‍ ഫലപ്രദമായ നടപടി സ്വീകരിച്ചിരുന്നില്ല. എടിഎം തട്ടിപ്പ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാങ്കിന്റെ ഈ നടപടി ഇടപാടുകാരില്‍ പല സംശയങ്ങളുണ്ടാക്കി. തട്ടിപ്പിലൂടെ എടിഎമ്മില്‍ നിന്നും പണം നഷ്ടമായാല്‍ കൈമലര്‍ത്താനുള്ള ബാങ്കിന്റെ തന്ത്രമാണിതെന്ന് ഇതിനകം ആക്ഷേമുയര്‍ന്നു. മെസേജ് സൌകര്യം ഇല്ലാതായി ആഴ്ചകള്‍ പിന്നിട്ടിട്ടും അധികൃതര്‍ വിശദീകരണം നല്‍കാത്തതും ഇടപാടുകാരെ ചൊടിപ്പിച്ചു. അതിനിടെ മെസേജ് സൌകര്യം ഇല്ലാതായതും ബാങ്കിടപാടില്‍ കാലതാമസമുണ്ടാകുന്നയും ശാഖകളില്‍ ജീവനക്കാരും ഇടപാടുകാരും തമ്മില്‍ തര്‍ക്കങ്ങള്‍ക്കും ഇടയാക്കുന്നു. ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മിലും കഴിഞ്ഞദിവസം തട്ടിപ്പുണ്ടായി.

സാങ്കേതികമായി നടക്കുന്ന നവീകരണത്തിലൂടെ ലക്ഷകണക്കായ ഇടപാടുകാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ എന്ന് പരിഹരിക്കുമെന്ന് പറയാനും അധികൃതര്‍ക്കാകുന്നില്ല. ഈ മാസം 12 മുതല്‍ തുടങ്ങിയ നവീകരണം എന്നവസാനിക്കുമെന്നതിലും നിശ്ചയമില്ല. ഫെഡറല്‍ ബാങ്കിന് രാജ്യത്ത് 1100 ലധികം ശാഖകളും 1200ലധികം എടിഎമ്മുകളുമാണുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *