മേലുദ്യോഗസ്ഥനെ മര്‍ദ്ദിച്ചു; നാവികസേനാ കപ്പലില്‍നിന്ന് നാല് നാവികരെ പുറത്താക്കി


ഉദ്യോഗസ്ഥനെ ആക്രമിച്ചതിന്റെ പേരില്‍ നാവികസേനയുടെ കപ്പലില്‍നിന്ന് നാല് ജീവനക്കാരെ പുറത്താക്കി. നാവികസേനയുടെ ഐഎന്‍എസ് സന്ധായക് എന്ന സര്‍വ്വേകള്‍ നടത്തുന്ന കപ്പലില്‍ ഓഡീഷയ്ക്കു സമീപത്തുവെച്ചാണ് സംഭവമുണ്ടായത്.


ദൈനംദിന പരേഡിനിടയില്‍ അറ്റന്‍ഷനായി നില്‍ക്കുന്നതിനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടും സൈനികരിലൊരാള്‍ അനുസരിക്കാതിരുന്നതിനെ മേലുദ്യോഗസ്ഥന്‍ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ശരിയായി പരേഡില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് മേലുദ്യോഗസ്ഥനെ സൈനികന്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് മറ്റു സൈനികരും മേലുദ്യോഗസ്ഥനെ മര്‍ദ്ദിച്ചവശനാക്കി.


കപ്പലില്‍നിന്ന് ബോട്ടുകള്‍ കടലിലറക്കുന്നതിനുള്ള മേലുദ്യോഗസ്ഥന്റെ നിര്‍ദ്ദേശം അവഗണിച്ചതായും ജോലിക്ക് സ്ഥിരമായി വൈകി ഹാജരാകുന്നതായും ഇവര്‍ക്കെതിരെ പരാതിയുണ്ടെന്നും നാവികസേനയുടെ പ്രസ്താവനയില്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് സൈനിക ഹെലികോപ്റ്റര്‍ വിളിച്ചുവരുത്തുകയും ആക്രമണം നടത്തിയ സൈനികരെ കപ്പലില്‍ിന്ന് കരയിലെത്തിക്കുകയും ചെയ്തു.

മേലുദ്യോഗസ്ഥന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരുന്നതിനും അച്ചടക്കം ലംഘിച്ചതിനും നാവികസേനാംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി നാവികസേനാ വക്താക്കള്‍ അറിയിച്ചു. എന്നാല്‍ കപ്പലില്‍ നടന്നത് സൈനിക കലാപമായിരുന്നില്ലെന്നും ഏതാനും ചില സൈനികര്‍ മാത്രമാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും സൈന്യം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.



Sharing is Caring