നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള സാധ്യതകളിലേക്ക് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിരല്‍ ചൂണ്ടിയതോടെ, ഭരണം നിലനിര്‍ത്താന്‍ പുതുവഴികള്‍ തേടി അഖിലേഷ് യാദവ്. ബിജെപി അധികാരത്തില്‍ എത്തുന്നത് തടയേണ്ടത് എല്ലാ മതേതര ശക്തികളുടെയും ഉത്തരവാദിത്തമാണെന്ന് അഖിലേഷ് അഭിപ്രായപ്പെട്ടു. വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നതു തടയുകയും സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടത് എല്ലാ മതേതര ശക്തികളുടെയും ഉത്തരവാദിത്തമാണ്. അതിനായി യുപിയില്‍ ജനാധിപത്യ സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
നേരത്തെ, രാഷ്ട്രീയ എതിരാളികളായ ബിഎസ്പിയുമായി സഖ്യത്തിനുള്ള സാധ്യത തള്ളാതെ അഖിലേഷ് രംഗത്തെത്തിയിരുന്നു.
പുതിയ സഖ്യത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ല. ഞങ്ങള്‍ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎസ്പിയുടെ നേതാക്കളെ എല്ലാസമയത്തും ബഹുമാനിച്ചിട്ടുണ്ട്. ഞങ്ങള്‍ ബിഎസ്പിയുമായി സഹകരിക്കണമെന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അങ്ങനെയുമാകാമെന്നും അഖിലേഷ് വ്യക്തമാക്കിയിരുന്നു.

എസ്പി- കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഇപ്പോഴും വിശ്വാസം. സ്ത്രീകളും യുവാക്കളും കര്‍ഷകരും എസ്പിക്ക് വോട്ട് ചെയ്തുവെന്നാണ് വിശ്വസിക്കുന്നത്. യുപിയില്‍ ആരും രാഷ്ട്രപതി ഭരണം ആഗ്രഹിക്കുന്നില്ല. ബിജെപിയുടെ ഭരണവും ഇവിടെ ആരും ആഗ്രഹിക്കുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബിബിസിയുെട ഹിന്ദി റേഡിയോയോട് സംസാരിക്കുകയായിരുന്നു അഖിലേഷ്. തൂക്കുമന്ത്രിസഭയാണ് വരുന്നതെങ്കില്‍ ബിഎസ്പിയുമായി സഹകരിക്കുമോ എന്നായിരുന്നു അഖിലേഷിനോടുള്ള ചോദ്യം.
പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ മിക്കതും ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്നതായിരുന്നു. ഇന്ത്യ ന്യൂസ്-എംആര്‍സി പോളില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് പ്രവചനം. ബിജെപിക്ക് 185 സീറ്റുകള്‍ ലഭിക്കും. സമാജ്‍വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തിന് 120 സീറ്റും മായാവതിയുടെ ബിഎസ്പിക്ക് 90 സീറ്റും ലഭിക്കും. അങ്ങനെയെങ്കില്‍ യുപിയില്‍ തൂക്കുമന്ത്രിസഭയാകും. ടൈംസ് നൗ- വിഎംആര്‍ സര്‍വേ പ്രകാരം യുപിയില്‍ ബിജെപി 190 മുതല്‍ 210 വരെ സീറ്റ് നേടും. എസ്പി- കോണ്‍ഗ്രസ് സഖ്യം 110 മുതല്‍ 130 വരെ സീറ്റും ബിഎസ്പി 57 മുതല്‍ 74 വരെ സീറ്റും മറ്റുള്ളവര്‍ എട്ടു സീറ്റും നേടുമെന്നും സര്‍വേ പറയുന്നു.













