സി.ബി.എസ്.ഇ. സീനിയര്‍ സെക്കന്‍ഡറി: 41 വിഷയങ്ങള്‍ ഒഴിവാക്കി


സി.ബി.എസ്.ഇ.യുടെ സീനിയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ പാഠ്യപദ്ധതിയില്‍നിന്ന് ഏഴ് അക്കാദമിക വിഷയങ്ങളും 34 തൊഴിലധിഷ്ഠിത വിഷയങ്ങളും ഒഴിവാക്കി. 2017-18 അധ്യയനവര്‍ഷത്തില്‍ ഈ വിഷയങ്ങളില്‍ പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല.


നിലവില്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പന്ത്രണ്ടാം ക്ലാസിലും ഈ വിഷയങ്ങളില്‍ പഠനം തുടരാം. ഈ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണം വളരെ കുറവായതിനാലാണ് സി.ബി.എസ്.ഇ. ബോര്‍ഡിന്റെ ഈ നടപടി.


അക്കാദമിക വിഷയങ്ങളില്‍ ഫിലോസഫി, ക്രിയേറ്റീവ് റൈറ്റിങ് ആന്‍ഡ് ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ്, ഹെറിറ്റേജ് ക്രാഫ്റ്റ്, ഗ്രാഫിക് ഡിസൈന്‍, ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ജെന്‍ഡര്‍ സ്റ്റഡീസ്, തിയേറ്റര്‍ സ്റ്റഡീസ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയാണ് ഒഴിവാക്കിയത്.

പൗള്‍ട്രി ന്യൂട്രീഷന്‍ ആന്‍ഡ് ഫിസിയോളജി, പൗള്‍ട്രി പ്രോഡക്‌ട്സ് ആന്‍ഡ് ടെക്നോളജി, മില്‍ക്ക് മാര്‍ക്കറ്റിങ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ്, ഡയറി പ്രോഡക്‌ട് ടെക്നോളജി, സെക്രട്ടേറിയല്‍ പ്രാക്ടീസ് ആന്‍ഡ് അക്കൗണ്ടിങ്, മിഡ്വൈഫറി തുടങ്ങി 34 തൊഴിലധിഷ്ഠിത വിഷയങ്ങളാണ് ഒഴിവാക്കിയത്.

ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ സി.ബി.എസ്.ഇ.യുടെ വെബ്സൈറ്റിലുണ്ട്. ഈ വിഷയങ്ങളില്‍ 2017-18 അധ്യയനവര്‍ഷത്തിലേക്ക് പ്രവേശനം നല്‍കരുതെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ബോര്‍ഡ് നിര്‍ദേശം നല്‍കി.



Sharing is Caring