ന്യുഡല്‍ഹി: ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ മെഡിക്കല്‍ കോളജിന് പ്രവേശനത്തിന് ഒത്താശ ചെയ്തതില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്.എന്‍ ശുക്ലയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അനുമതി നല്‍കി. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് സര്‍വീസിലിരിക്കുന്ന ഒരു ചീഫ് ജസ്റ്റീസിനെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ അനുമതിയില്ലാതെ ഒരു സിറ്റിംഗ് ജഡ്ജിക്കെതിരെ കേസെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയില്ല.
സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവേശനത്തിന് സുപ്രീം കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒരു മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ജഡ്ജിമാരുടെ പാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേതുര്‍ന്ന് ജസ്റ്റീസ് ശു€യ്‌ക്കെതിരെ കേസെടുക്കാന്‍ അനുമതി നല്‍കണമെന്ന് സി.ബി.ഐ ചീഫ് ജസ്റ്റസിനു കത്തയച്ചിരുന്നു.

അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് ജസ്റ്റീസ് ശുക്ലയോട് രാജിവയ്ക്കാനോ സ്വയം വിരമിക്കാനോ മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിക്കളഞ്ഞ ജസ്റ്റീസ് ശുക്ല സര്‍വീസില്‍ തുടരുകയായിരുന്നു. ഇതോടെ 2018ല്‍ ഇദ്ദേഹത്തില്‍ നിന്ന് നീതിന്യായ ചുമതലകള്‍ പിന്‍വലിച്ചിരുന്നു.
മെഡിക്കല്‍ പ്രവേശനത്തിന് സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ഒരു സ്വകാര്യ മെഡിക്കല്‍ കോളജിന് പ്രവേശനത്തിനുള്ള സമയപരിധി നീട്ടികൊടുത്തുവെന്നാണ് ജസ്റ്റീസ് ശുക്ലയ്‌ക്കെതിരെയുള്ള ആരോപണം. ലക്‌നൗവിലുള്ള ജിസിആര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിക്കുന്നതിന് അനുമതി നല്‍കിയ ഹൈക്കോടതിയുടെ ഉത്തരവ് തടഞ്ഞുകൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. മതിയായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മെഡിക്കല്‍ കോളജിനു വേണ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
ഇതിനു പിന്നാലെ ജസ്റ്റീസ് ശുക്ല തന്റെ ബെഞ്ചിന്റെ ഉത്തരവില്‍ കൈകൊണ്ട് എഴുതി തിരുത്തലുകള്‍ വരുത്തിയെന്നാണ് ആരോപണം. ശുക്ലയുടെ പുതുക്കിയ ഉത്തരവ് മെഡിക്കല്‍ കൗണ്‍സിലിന്റെ പരാതിയെ തുടര്‍ന്ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 2017ലാണ് ശുക്ലയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നത്. ഇതേതുടര്‍ന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ പാനലിനെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു.
ന്യായാധിപന്റെ ജീവിതത്തിന്റെ മൂല്യങ്ങള്‍ ഇടിച്ചുതാഴത്തിയെന്നും ഒരു ജഡ്ജിക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും ഓഫീസിന്റെ അന്തസ്സും വിശ്വാസ്യതയും തകര്‍ത്തുവെന്നുമാണ് ജഡ്ജിമാരുടെ പാനല്‍ റിപ്പോര്‍ട്ട് നല്‍കിയത്. പദവിയില്‍ നിന്നും നീക്കാന്‍ ഗൗരവമുള്ള കാരണങ്ങള്‍ ആവശ്യത്തിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നൂ.












