മെട്രോയിലെ ശമ്പളത്തര്‍ക്കം: കെഎംആര്‍എല്‍-കുടുംബശ്രീ ചര്‍ച്ച 20ന്

കൊച്ചി > മെട്രോയില്‍ ജോലിചെയ്യുന്ന ഭിന്നലിംഗക്കാര്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കാത്തതു സംബന്ധിച്ച്‌ 20ന് ചര്‍ച്ച നടക്കും. കുടുംബശ്രീ എംഡിയും കെഎംആര്‍എല്‍ എംഡിയും ചര്‍ച്ചയില്‍ പങ്കെടുക്കും. ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനം നല്‍കാതെ കെഎംആര്‍എല്‍ പിടിച്ചുവയ്ക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ചര്‍ച്ച.

ആറ് ദിവസം ജോലിചെയ്യുന്നവര്‍ക്ക് അനുവദിക്കുന്ന ശമ്ബളത്തോടുകൂടിയ അവധിദിനത്തിലെ വേതനം സംബന്ധിച്ചാണ് കുടുംബശ്രീയും കെഎംആര്‍എലുമായി തര്‍ക്കം ഉണ്ടായത്. ‘പെയ്ഡ് ഓഫ് സാലറി” ഇനത്തില്‍ നാല് മാസമായി ഒരു രൂപപോലും കെഎംആര്‍എല്‍ നല്‍കിയിട്ടില്ലെന്ന് കൊച്ചി മെട്രോയിലേക്കു കുടുംബശ്രീ വനിതകളെ നിയോഗിച്ച ഏജന്‍സിയായ ഫെസിലിറ്റി മാനേജ്മെന്റ് സെന്റര്‍ കോഓര്‍ഡിനേറ്റര്‍ ദില്‍രാജ് പറഞ്ഞു. 37 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ കെഎംആര്‍എല്‍ നല്‍കാനുള്ളത്. കുടുംബശ്രീ ഫണ്ടില്‍നിന്നാണ് ഈ തുക ഇതുവരെ നല്‍കിയത്. മേയ് മുതല്‍ ഡിസംബര്‍വരെ ജീവനക്കാരുടെ ഇഎസ്‌ഐ, പിഎഫ് വിഹിതവും പെയ്ഡ് ഓഫ് സാലറിയും ചേര്‍ത്ത് 1.57 കോടി രൂപ ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സെപ്തംബറിലാണ് കെഎംആര്‍എലിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ഏലിയാസ് ജോര്‍ജ് പെയ്ഡ് ഓഫ് സാലറി കുടുംബശ്രീ ജീവനക്കാര്‍ക്കും ബാധകമാക്കുമെന്നു പ്രഖ്യാപിച്ചത്. ഇതുപ്രകാരം ആറ് ദിവസം തുടര്‍ച്ചയായി ജോലിചെയ്താല്‍ ഏഴാം ദിവസം വേതനത്തോടെ അവധി നല്‍കും. അതായത് മാസത്തില്‍ 24 ദിവസം ജോലിയെടുക്കുന്ന ജീവനക്കാര്‍ക്ക് നാല് ദിവസംകൂടി ചേര്‍ത്തുള്ള വേതനം ലഭിക്കും. പ്രഖ്യാപനം വന്ന് അഞ്ചു മാസമായിട്ടും കെഎംആര്‍എല്‍ അതു നല്‍കിയിട്ടില്ലെന്നാണ് ആക്ഷേപം.

28 ഭിന്നലിംഗക്കാര്‍ ഉള്‍പ്പടെ 700 കുടുംബശ്രീ പ്രവര്‍ത്തകരാണ് മെട്രോയില്‍ വിവിധ വിഭാഗങ്ങളിലായി തൊഴിലെടുക്കുന്നത്. ഹൗസ് കീപ്പിങ്, ക്ലീനിങ്്, കസ്റ്റമര്‍കെയര്‍ വിഭാഗങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്കു 492 രൂപയും ടിക്കറ്റിങ്, സൂപ്പവൈസിങ്് വിഭാഗത്തില്‍ 531 രൂപയുമാണു ദിവസവേതനം. ഇതില്‍ 134 രൂപവീതം ഇവരുടെ ഇഎസ്‌ഐ, പിഎഫ് ഇനത്തില്‍ ഏജന്‍സി അടയ്ക്കുന്നുണ്ട്. ഒരു മാസം ജോലിചെയ്താല്‍ ആദ്യ വിഭാഗക്കാര്‍ക്ക് പെയ്ഡ് ഓഫ് സാലറികൂടി ഉള്‍പ്പെടെ 10,024 രൂപയും രണ്ടാം വിഭാഗക്കാര്‍ക്ക് 11,144 രൂപയും ശമ്ബളം നല്‍കണം. എന്നാല്‍ നാലു മാസമായി 30 ശതമാനം കുറച്ചുള്ള തുകയാണ് കെഎംആര്‍എല്‍ നല്‍കുന്നതെന്ന് ഏജന്‍സി അധികൃതര്‍ പറഞ്ഞു.

അതേസമയം ജീവനക്കാരുടെ എണ്ണത്തിലുണ്ടായ തെറ്റിദ്ധാരണയാണ് പ്രശ്നത്തിന് കാരണമെന്നും പ്രതിമാസം 1.2 കോടി രൂപ കുടുംബശ്രീക്ക് ശമ്ബളയിനത്തില്‍ നല്‍കുന്നുണ്ടെന്നും കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു. ജീവനക്കാരുടെ പിഎഫ് അടച്ചതിന്റെ രേഖകള്‍ കുടുംബശ്രീ കെഎംആര്‍എലിന് നല്‍കാത്തതിനാലാണ് ആ തുക അനുവദിക്കാത്തതെന്നും അവര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *