മൂന്ന് പതിറ്റാണ്ട് മുൻപ് കേരളത്തിൽ അനുഭവപ്പെട്ട കാലാവസ്ഥയുടെ തനി ആവർത്തനം “ഇന്ന് “

കാലാവസ്ഥ ചൂടുപിടിച്ചു തുടങ്ങുന്ന സമയമാണ് ജനുവരി മാസം. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും ചറ പറ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയായി തുടരുന്ന അസാധാരണമായ മഴയും കാറ്റും മൂലം ജനങ്ങള്‍ വലയുകയാണ്. ഇന്നോളം പരിചയമില്ലാത്ത ഈ കാലാവസ്ഥ ജനങ്ങള്‍ക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. എന്നാല്‍ സമാന സാഹചര്യം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് കേരളത്തില്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം.

1985 ജനുവരിയില്‍ സംസ്ഥാനത്ത് ഈ രീതിയില്‍ ഒന്നരയാഴ്ചയോളം മഴലഭിച്ചതായാണ് വിവരം.

എന്നാല്‍ അതുസംബന്ധിച്ച്‌ വിലയിരുത്തലുകളും ശാസ്ത്രീയമായ വിശദീകരണങ്ങളും അന്ന് ലഭ്യമായിരുന്നില്ലെന്ന് കലാവസ്ഥ ഗവേഷകന്‍ ഡോ. എം.കെ.സതീഷ്‌കുമാര്‍ പറഞ്ഞു. ഈ പ്രതിഭാസത്തിന്റെ ആവര്‍ത്തനം, വരുംദിവസങ്ങളിലും അടുത്തകാലവര്‍ഷത്തിലും എങ്ങനെയൊക്കെ സ്വാധീനമുണ്ടാക്കുമെന്നതും പഠനവിഷയമാണ്.

നേരം വെളുത്ത് ആറു മണി കഴിഞ്ഞാലും കൂരിരിട്ടാണ് പല സ്ഥലങ്ങളിലും. ഏറിയും കുറഞ്ഞും മഴയും പെയ്യുന്നുണ്ട്. മഴ ഇല്ലെങ്കിലും പകല്‍മുഴുവന്‍ കാര്‍മേഘങ്ങളാല്‍ ആകാശം മൂടിക്കെട്ടുന്ന സ്ഥിതിയും നിത്യജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തെക്കന്‍കേരളത്തില്‍ പലയിടത്തും കനത്തമഴ പെയ്യുന്നു. പ്രാദേശികമായാണ് കൂടുതലും പെയ്ത്ത്. പതിവില്ലാത്ത മഴതുടരുന്നത് നാണ്യവിളകള്‍ക്ക് നാശമുണ്ടാക്കുന്നതിനൊപ്പം വിവിധഫലങ്ങളുടെയും പച്ചക്കറികളുടെയും വിളവ്കുറയാനും കാരണമാകും. രാത്രിയില്‍ കനത്ത തണുപ്പും അനുഭവപ്പെടുന്നുണ്ട്.

കിണറുകളിലും ജലസംഭരണികളിലും ജലവിതാനം താഴില്ലെന്നതാണ് ആകെ ഗുണം. ഉച്ചവരെ പൊതുവേ മഴകുറവും ശേഷം അന്തരീക്ഷം കാര്‍മേഘത്താല്‍ മൂടി, വിവിധസ്ഥലങ്ങളില്‍ കനത്തമഴ പെയ്യുകയാണ്. പല ജില്ലകളിലും ജാഗ്രതയ്ക്കുള്ള യെലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നുണ്ട്. തമിഴ്‌നാട്ടിലും കനത്തമഴയായതിനാല്‍ നദികള്‍ കവിഞ്ഞൊഴുകി കേരളത്തിനും ഭീഷണിയായി മാറുന്നു. കഠിനമായ തണുപ്പിനിടയിലും ഡല്‍ഹിയില്‍ ശക്തമായ മഴപെയ്തു.

ദക്ഷിണാര്‍ധ ഗോളത്തില്‍ചൂടും ഉത്തരാര്‍ധഗോളത്തില്‍ തണുപ്പുമാണ് ഈസമയത്തുള്ളത്. പതിവിന് വിപരീതമായി ദക്ഷിണാര്‍ധഗോളത്തില്‍ നിന്നുള്ള കാറ്റ് ഉത്തരാര്‍ധത്തിലേക്കു പോയി തിരിച്ചുവരികയാണ്. അതോടെ നീരാവി വര്‍ധിച്ച്‌, അത് മേഘങ്ങളായി രൂപംകൊള്ളുകയാണിപ്പോള്‍. സാധാരണ, കാറ്റ് തിരികെ വരാറില്ല, ഇപ്പോഴത്തെ കാലാവസ്ഥമാറ്റത്തെ മാഡന്‍ ജൂലിയന്‍ ഒാസിലേഷന്റെ(എംജെഒ) ഭാഗമായാണ് കലാവസ്ഥശാസ്ത്രജ്ഞര്‍ കാണുന്നത്.

ഇപ്പോഴത്തെ അന്തരീക്ഷം എത്രദിവസം നീണ്ടുനില്‍ക്കുമെന്ന് വ്യക്തമായ സൂചനയില്ല. കാലവര്‍ഷത്തില്‍ മഴ പതിവിലധികം ലഭിച്ചുവന്നാണ് കണക്കെങ്കിലും തുലാവര്‍ഷം ഗണ്യമായി കുറഞ്ഞു. തുലാവര്‍ഷം പിന്‍വാങ്ങിയെങ്കിലും കാര്‍മേഘങ്ങള്‍ അന്തരീക്ഷത്തില്‍ ബാക്കിയായെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ശേഷിക്കുന്ന തുലാവര്‍ഷപാത്തിയിലേക്കാണ് തുടര്‍ച്ചയായി കാറ്റ് മേഘങ്ങളുമായി എത്തുന്നത്. സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ മുഴുവനും ശക്തമായ മഴയാണ്.മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കാരണം തണുത്തകാറ്റ് കേരളത്തിലേക്ക് എത്താതെ തിരിഞ്ഞുപോകുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *