മുഹമ്മദ് സലാഹ്: രണ്ടാം തവണയും ആഫ്രിക്കന്‍ ഫുട്‌ബോളര്‍

കെയ്‌റോ: ലിവര്‍പൂളിന്റെയും ഈജിപ്തിന്റെയും സൂപ്പര്‍താരമായ മുഹമ്മദ് സലാഹ് രണ്ടാം തവണയും ആഫ്രിക്കന്‍ ഫുട്‌ബോള്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി. രണ്ട് ദിവസം മുന്‍പ് സെനഗലിലെ ഡാക്കറില്‍ നടന്ന ചടങ്ങിലാണ് സലാഹിനെ രണ്ടാം തവണയും ആഫ്രിക്കന്‍ ഫുട്‌ബോളറായി തിരഞ്ഞെടുത്തത്. ലിവര്‍പൂളില്‍ സലാഹിന്റെ സഹതാരവും സെനഗലിന്റെ മുന്നേറ്റനിര താരവുമായ സാഡിയോ മാനെ, ആഴ്‌സണലിന്റെ പിയറെ എമറിക് ഔബമെയാങ് എന്നിവരെ പിറകിലാക്കിയാണ് സലാഹ് രണ്ടാം തവണയും നേട്ടം സ്വന്തമാക്കിയത്. ഏറെ കാലത്തിനുശേഷം ഈജിപ്തിനെ ലോകകപ്പിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച താരമായിരുന്നു സലാഹ്. യോഗ്യതാ മത്സരത്തില്‍ കോംഗോക്കെതിരേ മുഹമ്മദ് സലാഹിന്റെ പെനാല്‍റ്റി ഗോളിലായിരുന്നു ഈജിപ്ത് ലോകകപ്പിലേക്ക് യോഗ്യത നേടിയത്. സലാഹിന്റെ മിന്നും ഫോമിലായിരുന്നു ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്തിയത്. ഐവറി കോസ്റ്റിന്റെ യായ ടൂറെ, സെനഗലിന്റെ എല്‍ഹാദി ദിയോഫ്, കാമറൂണിന്റെ സാമുവല്‍ എറ്റു എന്നിവരാണ് ഇതിന് മുന്‍പ് രണ്ടു തവണ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം നേടിയ താരങ്ങള്‍. മുന്‍ ഫിഫ ലോക ഫുട്‌ബോളറും ലൈബീരിയന്‍ പ്രസിഡന്റുമായ ജോര്‍ജ് വിയയാണ് സലാഹിന് പുരസ്‌കാരം സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയുടെ തെമ്പി ഗട്‌ലാന മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരവും നേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *