മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കുന്നതിനു തയ്യാറെടുപ്പുമായി കേരളം

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കുന്നതിനു വീണ്ടും നീക്കം തുടങ്ങി കേരളം. 10 വര്‍ഷം മുന്‍പു തയാറാക്കിയ ഡിപിആര്‍ ആണു പുതുക്കുന്നത്. 2011 ലാണ് പുതിയ അണക്കെട്ടിനു കേരളം ശുപാര്‍ശ ചെയ്തത്. 663 കോടി രൂപയാണ് ചെലവായി കണക്കാക്കിയിരുന്നത്. 4 വര്‍ഷത്തിനുള്ളില്‍ അണക്കെട്ടു നിര്‍മ്മിക്കാനാകും എന്നായിരുന്നു കേരളത്തിന്റെ ശുപാര്‍ശ. എന്നാല്‍ ശുപാര്‍ശ നിയമക്കുരുക്കില്‍പെട്ടതോടെ പദ്ധതി മരവിച്ചു. ഇതാണ് വീണ്ടും സജീവമാക്കുന്നത്.

ഡിപിആര്‍ തയാറാക്കുന്നതിനു ചീഫ് എന്‍ജിനീയര്‍ (ഇറിഗേഷന്‍ ആന്‍ഡ് അഡ്‌മിനിസ്‌ട്രേഷന്‍, തിരുവനന്തപുരം) ചെയര്‍മാനും, ചീഫ് എന്‍ജിനീയര്‍ (ഐഡിആര്‍ബി) കോ ചെയര്‍മാനും, ഐഡിആര്‍ബി ഡയറക്ടര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ (മൈനര്‍ ഇറിഗേഷന്‍ സെന്‍ട്രല്‍ സര്‍ക്കിള്‍, എറണാകുളം), എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍, കട്ടപ്പന) തുടങ്ങിയവര്‍ അംഗങ്ങളുമായ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ പുതിയ ഡാം നിര്‍മ്മിക്കുന്നതിനു മുന്നോടിയായി മണ്ണു പരിശോധനയും മറ്റും കേരളം പൂര്‍ത്തിയാക്കിയെങ്കിലും തമിഴ്‌നാട് എതിര്‍പ്പുമായി സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ പദ്ധതി താല്‍ക്കാലികമായി തടസ്സപ്പെട്ടു. പരിശോധനയുമായി മുന്നോട്ടു പോകാമെന്നു കേരളത്തിനു സുപ്രീംകോടതി പച്ചക്കൊടി കാട്ടിയതോടെ തടസ്സങ്ങള്‍ നീങ്ങി. പുതിയ അണക്കെട്ടു നിര്‍മ്മിക്കണമെങ്കില്‍, കുറഞ്ഞത് 1000 കോടി രൂപയെങ്കിലും വേണ്ടി വരും.

അണക്കെട്ടു നിര്‍മ്മിക്കുന്നതിനു മുന്നോടിയായി പരിസ്ഥിതി ആഘാത പഠനത്തിന് 2014ല്‍ കേരളം അപേക്ഷ നല്‍കിയെങ്കിലും 4 വര്‍ഷത്തിനു ശേഷമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. കരാര്‍ ഏജന്‍സിയായ ഹൈദരാബാദിലെ പ്രഗതി ലാബ്‌സ് ആന്‍ഡ് കണ്‍സല്‍റ്റന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെയാണു പഠനത്തിനു ചുമതലപ്പെടുത്തിയത്. ഈ മാസം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. കോവിഡ് പശ്ചാത്തലത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനും മറ്റും കഴിയാത്ത സാഹചര്യമാണെന്നു പ്രഗതി ലാബ്‌സ്, കേരള സര്‍ക്കാരിനെ അറിയിച്ചു. 6 മാസം കൂടി നീട്ടി നല്‍കും

ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഇവിടെ നിന്നു 366 മീറ്റര്‍ താഴെയാണ് പുതിയ അണക്കെട്ടിനു കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പെരിയാര്‍ കടുവ സങ്കേതത്തിന്റെ പരിധിയിലാണ് ഈ പ്രദേശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *