മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു

മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡെല്‍ഹി എയിംസിലായിരുന്നു അന്ത്യം. കേന്ദ്രമന്ത്രി, പ്രതിപക്ഷനേതാവ്, ഡെല്‍ഹി മുഖ്യമന്ത്രി, ഹരിയാന മന്ത്രി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. സംസ്‌ക്കാരം 3 മണിക്ക് ലോധി റോഡ് വൈദ്യുതി ശ്മശാനത്തില്‍ നടക്കും.

ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് സുഷമ സ്വരാജിനെ ഡെല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. 2016ല്‍ സുഷമ വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019 ലെ തിരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം സുഷമ മത്സരിച്ചിരുന്നില്ല.

ആദ്യ നരേന്ദ്രമോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. ഡല്‍ഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു അവര്‍. ലോക്‌സഭയിലെ മുന്‍പ്രതിപക്ഷ നേതാവ്, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയില്‍ സംസ്ഥാന മന്ത്രി എന്നീസ്ഥാനങ്ങളും വഹിച്ചു.

നാല് ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അവര്‍. 1996,1998,1999 വാജ്‌പേയ് സര്‍ക്കാരുകളിലും 2014 നരേന്ദ്രമോഡി മന്ത്രിസഭകളിലുമായി വാര്‍ത്താ വിതരണ പ്രക്ഷേപണം, വാര്‍ത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാര്‍ലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകള്‍ കൈകാര്യം ചെയ്തു.

പതിഞ്ചാം ലോക്‌സഭയില്‍ പ്രതിപക്ഷനേതാവായി. മൂന്നു തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്‌സഭയിലേക്കും സുഷമ സ്വരാജ് തിരഞ്ഞെടുക്കപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *