മുന്‍മന്ത്രി കെ പി മോഹനനെതിരെയും അന്വേഷണമുണ്ടായേക്കും

കൃഷിവകുപ്പില്‍ യുഡിഎഫ് ഭരണകാലത്ത് നടന്ന അഴിമതി അന്വേഷിക്കുന്നു. മുന്‍ കൃഷി ഡയറക്ടര്‍ക്കെതിരായ ത്വരിതപരിശോധന ഉടന്‍ ആരംഭിക്കും. അന്വേഷണം മുന്‍മന്ത്രി കെ പി മോഹനനിലേക്കും നീണ്ടേക്കും.കോടികളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൃഷി ഡയറക്ടറായിരുന്ന അശോക്കുമാര്‍ തെക്കനെ കഴിഞ്ഞദിവസം തല്‍സ്ഥാനത്തുനിന്ന് നീക്കിയത്. തെക്കനു പകരം കൃഷി അഡീഷണല്‍ ഡയറക്ടര്‍ സുനില്‍കുമാറിന് ഡയറക്ടറുടെ ചുമതല നല്‍കി.

പച്ചത്തേങ്ങ സംഭരണം, സംസ്ഥാന സീഡ് അതോറിറ്റി, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സില്‍ തുടങ്ങി യുഡിഎഫ് ഭരണകാലത്ത് അശോക്കുമാര്‍ തെക്കന്‍ കൈകാര്യം ചെയ്ത എല്ലാ രംഗത്തും ക്രമക്കേടുള്ളതായി കൃഷിവകുപ്പിലെ വിജിലന്‍സ് സംവിധാനത്തിന്റെയും സംസ്ഥാന വിജിലന്‍സ് അന്വേഷകസംഘത്തിന്റെയും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വന്‍തുക കൈപ്പറ്റി വഴിവിട്ട നിയമനങ്ങളും ഇക്കാലത്ത് കൃഷിവകുപ്പില്‍ നടന്നു. നേരത്തെതന്നെ ആക്ഷേപം ഉയരുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, സംശയത്തിന്റെ നിഴലിലുള്ള ഉദ്യോഗസ്ഥനില്‍നിന്നുതന്നെ വിശദീകരണമാവശ്യപ്പെടുന്ന വിചിത്രമായ രീതിയാണ് അന്നത്തെ കൃഷിമന്ത്രി കെ പി മോഹനന്‍ സ്വീകരിച്ചത്. അശോക്കുമാര്‍ തെക്കന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിക്ക് മുതിരാതെ കേസ് മൂടിവയ്ക്കാനാണ് കെ പി മോഹനന്‍ ശ്രമിച്ചത്.

വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുള്ള കൃഷിവകുപ്പിന്റെ ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. തെക്കനെതിരായ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൃഷിവകുപ്പില്‍ നടന്ന കോടികളുടെ അഴിമതിയാണ് പുറത്തുവരിക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *